31 March, 2020 04:27:24 PM


തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു; 60% വരെ കുറയും




മുംബൈ: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശമ്പളത്തില്‍ നിന്ന് 60 ശതമാനം വരെ വെട്ടിക്കുറയ്ക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തതെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി.


മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ എന്നിവരുടെ മാര്‍ച്ച് മാസത്തെ ശമ്പളം അറുപത് ശതമാനം വെട്ടിക്കുറയ്ക്കും. ക്ലാസ് 1, ക്ലാസ് 2 ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കും. ക്ലാസ് 3 ജീവനക്കാരുടെ ശമ്പളം 25 ശതമാനം പിടിക്കും. സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എത്ര മാസത്തേക്കാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല


നേരത്തെ തെലുങ്കാന സര്‍ക്കാരും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചാണ് തെലങ്കാന സര്‍ക്കാര്‍ ശമ്പളം വെട്ടികുറയ്ക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍, കോര്‍പ്പറേഷന്‍ അധ്യക്ഷര്‍. പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം.


ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60 ശതമാനം കുറയ്ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 50 ശതമാനവും വെട്ടിക്കുറയ്ക്കും. ക്ലാസ് 4, ഔട്ട്സോഴ്സ്, കരാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം തുകയും പിടിക്കും. മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ 50 ശതമാനം കുറയ്ക്കും. വിരമിച്ച ക്ലാസ് ഫോര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 10 ശതമാനവും കുറവ് ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K