31 March, 2020 01:50:55 PM
കാസര്‍ഗോഡ് അതിര്‍ത്തി തുറക്കില്ല: കര്‍ണാടക കടുംപിടുത്തത്തില്‍; ഒരാള്‍ കൂടി ചികിത്സ കിട്ടാതെ മരിച്ചു
കോഴിക്കോട്: കേരളത്തിലേക്കുള്ള രണ്ട് അതിര്‍ത്തി റോഡുകള്‍ തുറക്കാമെന്നും എന്നാല്‍ കാസര്‍ഗോഡ് അതിര്‍ത്തികളിലെ റോഡ് തുറക്കാനാകില്ലെന്നും കര്‍ണാടക. ദേശീയ പാത തടയലുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയോട് കര്‍ണാടക നിലപാട് വ്യക്തമാക്കി. ഇരുട്ടി, കൂര്‍ഗ്, വിരാജ്‌പേട്ട റോഡ് തുറക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കര്‍ണാടകം തീരുമാനം നാളെ അറിയിക്കും. കര്‍ണാടക ആംബുലന്‍സ് പോലും കടത്തിവിടാതായതോടെ ഇന്ന് ഒരാള്‍ കൂടി ചികിത്സ കിട്ടാതെ മരിച്ചു.
വയനാട്ടിലെയും കണ്ണൂരിലെയും അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാമെന്നാണ് കര്‍ണാടക പറഞ്ഞിരിക്കുന്നത്. എന്നാല്‍ കാസര്‍ഗോഡ് അതിര്‍ത്തി തുറക്കാനാകില്ലെന്നും ആംബുലന്‍സ് പോലും ഇതിലേ കടത്തിവിടാനാകില്ലെന്ന് കര്‍ണാടക പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് ഒരു വിരോധവും ഇല്ലെന്നും നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുക്കണമെന്നും കര്‍ണാടക വ്യക്തമാക്കി. കര്‍ണാടക എജി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേരളാ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്. കാസര്‍ഗോഡ് മംഗലാപുരം റോഡിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ഇരു എജി മാരോടും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് നാളെ വീണ്ടും പരിഗണിക്കും.
അതേസമയം കര്‍ണാടക അതിര്‍ത്തി തുറക്കില്ലെന്ന് നിലപാട് എടുത്തതോടെ ചികിത്സ കിട്ടാതെ ഇന്നും ഒരാള്‍ മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്ന 49 കാരനാണ് മരിച്ചത്. മാംഗ്‌ളൂരിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നയാളായിരുന്നു ശേഖര്‍. ആറ് പേരാണ് ഇതുവരെ അപ്പുറത്തേക്ക് പോകാനാകാതെ മരണത്തിന് കീഴടങ്ങിയത്. രോഗികളെ തടയരുതെന്നും കേന്ദ്ര നിര്‍ദേശം പാലിക്കാന്‍ ബാദ്ധ്യതയുണ്ടെന്നും കര്‍ണാടകയോട് ഹൈക്കോടതി പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കര്‍ണാടക ദേശീയ പാത അടച്ചത്.
നടപടി നിയമവിരുദ്ധമാണെന്നാണ് കേരളാ സര്‍ക്കാരിന്റെ വാദം ദേശീയപാത കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നുമാണ് കേരളം കോടതിയെ അറിയിച്ചത്. കഴിഞ്ഞദിവസവം അതിര്‍ത്തി പ്രദേശമായ തലപ്പാടിക്ക അടുത്തുള്ള രണ്ടു പേര്‍ മരണമടഞ്ഞിരുന്നു. മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍ ഇവര്‍ക്ക് ചികിത്സ നടത്തിയിരുന്ന മാംഗ്‌ളൂരിലേക്ക് പോകാനായില്ല. പകരം അവിടെ നിന്നും ഏറെ ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടി വന്നു.