31 March, 2020 10:25:15 AM
കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം: മരിച്ചത് പോത്തന്‍കോട് സ്വദേശി റിട്ട എഎസ്ഐ
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കോവിഡ് 19 മരണം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് വാവറ അമ്പലം സ്വദേശിയും റിട്ട. എഎസ്ഐയുമായിരുന്ന അബ്ദുൾ അസീസ് (68) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ഐസൊലേഷനിൽ കഴിഞ്ഞ അഞ്ച് ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച അർധ രാത്രിയാണ് മരണം സംഭവിച്ചത്.
മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് കല്ലൂർ മുസ്ലിം ജമാ അത്ത് പള്ളിയിൽ രാവിലെ പത്തരയോടെ സംസ്കരിച്ചു. അടുത്ത ബന്ധുക്കളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ പത്ത് പേർ മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് പ്രത്യേക സുരക്ഷാ കവചമുള്ള വേഷം നൽകിയിരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലാണ് മൃതദേഹം വിട്ടുകൊടുക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
അബ്ദുൾ അസീസിന് രോഗം ബാധിച്ചതെന്ന് ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല. വിദേശയാത്ര നടത്തിയിട്ടില്ല. വിദേശത്ത് നിന്നും നാട്ടിലെത്തിയവരുമായി സന്പർക്കം പുലർത്തിയിരുന്നില്ലെന്നാണ് ബന്ധുക്കൾ ആരോഗ്യവകുപ്പ് അധികൃതരോടും ഡോക്ടർമാരോടും പറഞ്ഞത്. പൊതുചടങ്ങുകളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്നാണ് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നത്. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഈ ചടങ്ങുകളിൽ പങ്കെടുത്തവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 23-ന് കടുത്ത പനിയെ തുടർന്നാണ് ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഇതിനിടെ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രക്തസമ്മർദ്ദവും തൈറോയ്ഡ് പ്രശ്നങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അബ്ദുൾ അസീസിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. മുൻപ് പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ പരിചരിച്ചിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്