30 March, 2020 11:44:30 AM
ചങ്ങനാശ്ശേരിയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശി അറസ്റ്റിൽ
ചങ്ങനാശ്ശേരി: ലോക്ക് ഡൗൺ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാaളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരോധനം ലംഘിച്ച് സംഘം ചേർന്നെന്ന കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു.
ഞായറാഴ്ച രാത്രി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിൽ നിരവധി തൊഴിലാളികളെ ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിനു പേരാണ് സംഘടിച്ചത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെയെത്തി.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ പൊലിസെത്തിയാണ് സ്ഥിഗതികൾ ശാന്തമാക്കിയത്. പ്രതിഷേധം സംഘടിപ്പിച്ചത് ആസൂത്രിതമായാണെന്ന് മന്ത്രി പി.തിലോത്തമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.