29 March, 2020 09:15:06 PM
ട്രയിനുകള്‍ ഇനി ഐസൊലേഷന്‍ വാര്‍ഡുകള്‍: മാതൃകാ വാർഡ് തയ്യാറായി
ദില്ലി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗികളുടെ സംഖ്യയിലെ വര്‍ദ്ധനവു കണക്കിലെടുത്ത് ട്രെയിനുകള്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കാനുള്ള നീക്കവുമായി റയില്‍വേ. ഓരോ കോച്ചിലും ഒമ്പതു കമ്പാര്‍ട്ടുമെന്‍റുകളാണ് ഉള്ളത്. ഇതില്‍ നടുവിലത്തെ ബര്‍ത്ത് എടുത്തു കളഞ്ഞ് മരുന്നും മറ്റുപകരണങ്ങളും ട്രേയും മറ്റും വയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി പരീക്ഷണ അടിസ്ഥാനത്തില്‍ റയില്‍വേ ഐസോലേഷന്‍ വാര്‍ഡിന്‍റെ സാമ്പിള്‍ തയ്യാറാക്കി.
ഒമ്പത് കമ്പാര്‍ട്ടുമെന്‍റില്‍ ഒരെണ്ണം നഴ്‌സിങ് റൂമാക്കി മാറ്റി. കോച്ചിന്‍റെ രണ്ടറ്റത്തുമുള്ള നാലു കക്കൂസുകളില്‍ രണ്ടെണ്ണം കുളിമുറിയാക്കിയും മാറ്റി. നോണ്‍ എസി കോച്ചിലാണ് ഇത്തരം സംവിധാനം റെയില്‍വേ നിര്‍മ്മിച്ചിരിക്കുന്നത്. ഉപകരണങ്ങള്‍ക്ക് ആയുള്ള വൈദ്യുത സജ്ജീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റയില്‍വേക്ക് മൊത്തം 34,017 നോണ്‍ എസി കോച്ചുകളാണ് ഉള്ളത്. ഇത്തരത്തില്‍ 20,000 കോച്ചുകള്‍ രൂപമാറ്റം വരുത്തിയാല്‍ 3,20,000 രോഗികളെ ഉള്‍ക്കൊള്ളാന്‍ ഇത് പ്രാപ്തമാകും. ലോക്ഡൌണിന്‍റെ ഭാഗമായി റയില്‍വേ യാത്രാ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍ കടത്തുന്നതിനായി ഗുഡ്‌സ് ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.