28 March, 2020 08:40:43 PM


മദ്യം ലഭിക്കും, ഡോക്ടറുടെ കുറുപ്പടി ഉണ്ടെങ്കില്‍; നടപടി ആത്മഹത്യാപ്രവണത കുറയ്ക്കാന്‍



തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ ചിലർ ആത്മഹത്യാ പ്രവണത കാട്ടുന്നുണ്ട്. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രം ഇവര്‍ക്ക് മദ്യം ലഭ്യമാക്കും. ബാക്കിയാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കര്‍ണാടകയെപോലെ ചില സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തിയത് മാറ്റാമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി പറഞ്ഞെങ്കിലും കാര്യങ്ങളില്‍ മാറ്റമില്ല. കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കേന്ദ്രമന്ത്രി സദാനന്ദഗൗഡയെയും കേന്ദ്ര കാബിനറ്റ് സെക്രട്ടറിയെയും ഇക്കാര്യങ്ങള്‍ അറിയിച്ചു. ഇ‌‌ടപെടാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ട്രഷറികള്‍ രാവിലെ 9 മുതല്‍ 5വരെ പ്രവര്‍ത്തിക്കും. അടുത്ത മാസം രണ്ടു മുതല്‍ സര്‍വീസ് പെന്‍ഷനുകള്‍ നല്‍കും. സംസ്ഥാനത്തേക്ക് മരുന്ന് എത്തിക്കാന്‍ എയര്‍ ഏഷ്യക്ക് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K