27 March, 2020 12:04:39 PM
രാജസ്ഥാനിലേക്ക് തൊഴിലാളികളെ കടത്താന്‍ ശ്രമം; പോലീസ് രണ്ട് ട്രക്കുകള്‍ പിടിച്ചെടുത്തു
മുംബൈ: തെലങ്കാനയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ട്രക്കുകള്‍ പോലീസ് പിടിയില്‍. രണ്ട് ട്രക്കുകളിലായി കുടിയേറ്റ തൊഴിലാളികളെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര പോലീസിന്റെ പിടിയിലാകുന്നത്. രാജസ്ഥാന്‍ സ്വദേശികളായ ഇവര്‍ തെലങ്കാനയില്‍ വിവിധ ജോലികള്‍ക്കായി എത്തിയതാണ്.
നാട്ടിലേക്ക് തിരികെ പോകാന്‍ മറ്റ് മാര്‍ഗങ്ങള്‍ അടഞ്ഞപ്പോഴാണ് തൊഴിലാളികള്‍ ഈ വഴി തെരഞ്ഞെടുത്തത്. നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് പലരും സ്വന്തം നാടുകളില്‍ എത്തുന്നത്. ജോലി തേടി വന്ന ഇടങ്ങളില്‍ അന്നം മുട്ടുന്ന അവസ്ഥ ഭയന്നാണ് പലരും സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്.
തൊഴിലാളികളെ കടത്തിയ ട്രക്ക് യവത്മല്‍ എന്ന ജില്ലയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ട്രക്കില്‍ എന്താണെന്ന് ഡ്രൈവര്‍മാര്‍ക്ക് വെളിപ്പെടുത്താനാവാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കടത്തുന്നതായി മനസ്സിലായത്