26 March, 2020 10:39:45 PM
കൊല്ലം സബ് കളക്ടർ ക്വാറന്‍റയിന്‍ ലംഘിച്ച് 'മുങ്ങി'; ബംഗളുരുവില്‍ എന്ന് ഫോണ്‍ സന്ദേശം
കൊല്ലം: കോവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ മുങ്ങുന്നതും പുറത്തിറങ്ങിനടക്കുന്നതുമായ സംഭവങ്ങള്‍ നിരവധി. ഇപ്പോള്‍ ആ ഗണത്തില്‍ കൊല്ലം സബ് കളക്ടറും. ഉത്തർപ്രദേശ് സ്വദേശി അനുപം മിശ്രയാണ് ഗൃഹനിരീക്ഷണത്തില്‍ കഴിയവെ ആരോടും പറയാതെ നാടുവിട്ടത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇദ്ദേഹം ജില്ലാ കലക്ടർ ബി. അബ്ദുൽ നാസറിനെ ഫോണിൽ ബന്ധപ്പെട്ട് താന്‍ ബെംഗളൂരുവിലേക്കു പോന്നുവെന്ന് അറിയിച്ചു. എന്നാൽ ഉത്തർപ്രദേശിലെ കാൻപുർ ടവർ ലൊക്കേഷനിലാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക നമ്പർ.
വിവാഹത്തിന് ശേഷം കഴിഞ്ഞ 18നാണു നാട്ടില്‍ നിന്ന് തിരിച്ചെത്തി സബ് കലക്ടർ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. മധുവിധുവിനു വിദേശത്തു പോകാൻ ജില്ലാ കലക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ഹോം ക്വാറന്‍റയിനിൽ പോകാൻ കളക്ടര്‍ നിർദേശിക്കുകയായിരുന്നു. സബ് കളക്ടറുടെ കൊല്ലത്തെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോടും ഗൺമാനോടും ഹോം ക്വാറന്‍റയിനിൽ പോകാൻ നിർദേശിച്ചിരുന്നു. തേവള്ളിയിലെ ഗവ. ഓഫിസേഴ്സ് ക്വാർട്ടേഴ്സിലേക്കു മടങ്ങിയ സബ് കളക്ടറെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ടു ദിവസമായി സബ് കളക്ടറുടെ ക്വാർട്ടേഴ്സിൽ വെളിച്ചം കാണാതിരുന്നതിനെത്തുടർന്നു സമീപത്തെ ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതോടെയാണു ഇദ്ദേഹം ക്വാറന്‍റയിൻ ലംഘിച്ച് മുങ്ങിയത് പുറത്തറിഞ്ഞത്.
പൊലീസും ആരോഗ്യ- റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ക്വാർട്ടേഴ്സ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതിനിടെ ജില്ലാ കലക്ടറെ ബന്ധപ്പെട്ട അദ്ദേഹം ഇവിടെ പരിചയക്കാരില്ലാത്തതിനാലും ഭാഷ വശമില്ലാത്തതിനാലുമാണു ബെംഗളൂരുവിലേക്കു പോയതെന്ന വിശദീകരണമാണ് നല്‍കിയത്. ക്വാറന്‍റയിനിലുള്ളവർ കർശന നിരീക്ഷണത്തിലാണെന്നിരിക്കെ, സബ് കളക്ടർ ക്വാർട്ടേഴ്സ് വിട്ടുപോയതു ആരോഗ്യ വകുപ്പിന്‍റെ വീഴ്ചയായി മാറുകയും ചെയ്തു. എന്നാല്‍ ഗൃഹനിരീക്ഷണം ലംഘിച്ചതു ഗുരുതരമായ കുറ്റവും സർവീസ് റൂളിനു വിരുദ്ധവുമായതിനാല്‍ സർക്കാരിനു റിപ്പോർട്ടു നൽകിയെന്ന് കലക്ടർ പറഞ്ഞു.