25 March, 2020 09:09:50 PM
ആരാധന തടഞ്ഞു: പൊലീസിന് നേരെ വാളെടുത്ത് സ്വയം പ്രഖ്യാപിത ആൾദൈവം
ലക്നൗ: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ നിരോധനം ലംഘിച്ച് ആരാധനയ്ക്കായി ഒത്തു ചേര്‍ന്ന ജനക്കൂട്ടത്തെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് നേരെ വാളു വീശി സ്വയം പ്രഖ്യാപിത വനിതാ ആൾദൈവം. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ മെഹ്ദ പുർവയിലാണ് സംഭവം. സ്വയം 'മാ ആദിശക്തി' എന്നു വിളിക്കുന്ന ആൾദൈവമാണ് പോലീസുകാര്‍ക്ക് നേരെ വാളു വീശിയത്.
നിങ്ങൾക്കും നിങ്ങളുടെ അനുയായികൾക്കും എതിരെ കേസെടുക്കുമെന്നും ഈ കൂട്ടായ്മ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് ലൗഡ് സ്പീക്കറിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു 'ദേവി'യുടെ പ്രകടനം. രണ്ട് ട്രക്ക് നിറയെ പൊലീസുകാർ ഇവിടെയുണ്ടായിരുന്നു. ഇവരെ വാളുവീശി തടഞ്ഞ സ്ത്രീ, ആരാധന നടക്കുന്ന സ്ഥലത്തേക്ക് കടക്കാനും അനുവദിച്ചില്ല.
'എന്നെ ഇവിടെ നിന്ന് മാറ്റാന്‍ ഒന്നു ശ്രമിച്ചു നോക്കു' എന്ന വെല്ലുവിളിയും മുഴക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ലാത്തി പ്രയോഗിച്ചതോടെ അനുയായികളും അപ്രത്യക്ഷരായി. സംഭവത്തിന്‍റെ വീഡിയോ വൈകാതെ തന്നെ വൈറലായി. ആൾദൈവത്തെ പൊലീസ് വലിച്ചിഴച്ച് ജീപ്പിലെത്തിക്കുന്ന ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.