25 March, 2020 12:04:00 PM
15 കിലോ അരി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും
തിരുവനന്തപുരം: രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സഹായ ഹസ്തവുമായി സംസ്ഥാന സർക്കാർ
ബിപിഎൽ മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കും. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. റേഷന് പുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്.
മാവേലി സ്റ്റോറുകൾ, സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ എന്നിവടങ്ങളിലൂടെ അല്ലെങ്കിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡ് അംഗങ്ങളിലൂടെ നേരിട്ട് വീടുകളിൽ എത്തിക്കുക ഈ രണ്ട് സാധ്യതയാണ് സർക്കാർ തേടുന്നത്. റേഷൻ കടകളിലൂടെ ലഭ്യമാക്കിയാൽ ജനങ്ങൾ കൂട്ടം കൂടാൻ ഇടയുണ്ട് എന്നത് കൂടി കണക്കിലെടുത്താണ് സർക്കാർ ബദൽ മാർഗം ആലോചിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ (റേഷൻ) സമയക്രമത്തിലും ഇന്ന് ചേർന്ന മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും ആണ് റേഷൻ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ 2 മണിവരെ റേഷൻ കടകൾ പ്രവർത്തിക്കില്ല.
സംസ്ഥാനത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സിവിൽസപ്ലൈസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ഗോഡൗണുകളിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ചരക്കു ട്രെയിനുകൾക്കും വാഹനങ്ങൾക്കും നിരോധനമില്ലാത്തതിനാൽ തന്നെ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ക്ഷേമപെൻഷനുകൾ നേരത്തെ നൽകാനും ക്ഷേമപെൻഷനുകൾക്ക് അർഹതയില്ലാത്ത കുടുംബങ്ങൾക്ക് 1000 രൂപ നൽകാനും സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു അതിന് പുറമെയാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനുള്ള തീരുമാനം.