24 March, 2020 05:39:09 PM
ടെസ്റ്റും രജിസ്ട്രേഷനുമില്ല; മോട്ടോർ വാഹനവകുപ്പ് പ്രവർത്തനം നിർത്തിവെച്ചു
തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്നതിനിടെ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ച് മോട്ടോർ വാഹന വകുപ്പ്. ലൈസൻസ് ടെസ്റ്റ്, വാഹന രജിസ്ട്രേഷൻ എന്നിവ മാർച്ച് 31 വരെ നിർത്തിവെച്ചതായി ഗതാഗത കമ്മീഷണർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കാര്യാലയങ്ങൾ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ, സബ് റീജിയണൽ ഓഫീസുകൾ എന്നിവയുടെ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.
മാർച്ച് 31 വരെയോ അതല്ലെങ്കിൽ പുതിയ ഉത്തരവ് ഇറങ്ങുന്നതുവരെയോ ആയിരിക്കും ഈ നിയന്ത്രണങ്ങളെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി. ഈ കാലയളവിൽ അടയ്ക്കേണ്ട പിഴത്തുക ഒഴിവാക്കിത്തരണമെന്ന് ഗതാഗത കമ്മീഷണർ സർക്കാരിനോട് ആവശ്യപ്പെട്ടു. വാഹൻ, സാരഥി എന്നിവ മുഖേന ലഭ്യമാകുന്ന വാഹനപരിശോധന ഒഴികെയുള്ള ഓൺലൈൻ സേവനങ്ങൾ ജീവനക്കാർ വീട്ടിലിരുന്ന് തീർപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഫോൺ മുഖാന്തരമല്ലാതെ ഉദ്യോഗസ്ഥർ ജനങ്ങളുമായി സമ്പർക്കം പുലർത്തരുതെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കുന്നു.
ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം തുടരും. ഇവിടേക്ക് ജീവനക്കാർക്ക് എത്താൻ സാധിക്കുന്നില്ലെങ്കിൽ പകരം സംവിധാനം ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും 24 മണിക്കൂറും ഫോണിൽ ലഭ്യമാകണം. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാൽ ഹോം ക്വാറന്‍റൈനിൽ പോകണമെന്നും ജീവനക്കാരോട് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. സ്വന്തം വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം എഴുതി നൽകേണ്ടിവരുമെന്ന് ബെഹ്റ വ്യക്തമാക്കി. സത്യവാങ്മൂലം തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നൽകണം. ടാക്സിയും ഓട്ടോയും (ഊബർ, ഓല ഉൾപ്പെടെ) അവശ്യവസ്തുക്കൾ, മരുന്ന് എന്നിവ വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ പ്രവർത്തിപ്പിക്കാവൂ. അവശ്യസർവീസുകൾക്ക് പാസ് നൽകും. പാസുകൾ വിതരണം ചെയ്യാൻ എസ്പിമാർക്ക് നിർദേശം നൽകി.