24 March, 2020 04:50:06 PM
ഇന്ത്യയില്‍ മരണം പത്ത് ; യുഎഇയിൽനിന്ന് എത്തിയയാൾ മുംബൈയിൽ മരിച്ചു
ദില്ലി: യുഎഇയിൽനിന്ന് എത്തിയ 65കാരൻ മുംബൈയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. മുംബൈയിൽ ഇത് മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിൽ ആകെ മരണം പത്തായി. ഇയാൾ അടുത്തിടെ യുഎഇയിൽനിന്ന് അഹമ്മദാബാദിൽ എത്തിയതായിരുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങളെ തുടർന്നാണ് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉയർന്ന രക്തസമ്മർദ്ദവും കടുത്ത പ്രമേഹവും ഇയാൾക്ക് ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. ചികിത്സയ്ക്കായി മാർച്ച് 20 ന് മുംബൈയിലെ കസ്തൂർബ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വടക്കുകിഴക്കൻ ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. മണിപ്പൂരിൽ 23 കാരിയായ യുവതിയിലാണ് രോഗം സ്ഥിരീകരിച്ചത്. യുവതി അടുത്തിടെ യുകെയിൽ നിന്ന് മടങ്ങിയെത്തിയതാണെന്ന് ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ തി ഭീമോ സിംഗ് പറഞ്ഞു. ദില്ലി, ഗുവാഹത്തി വിമാനത്താവളങ്ങൾ വഴി അവർ ഇംഫാലിലേക്ക് എത്തുകയായിരുന്നു.
ഇന്ത്യയിൽ ഇതുവരെ 500 ഓളം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ അപ്‌ഡേറ്റ് ചെയ്ത കണക്കനുസരിച്ച് 492 കേസുകളാണ്. ഇതിൽ 41 പേർ വിദേശ പൌരൻമാരാണ്. പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ബീഹാർ, കർണാടക, ദില്ലി, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഇതുവരെ 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
കോവിഡ് 19 കേസുകൾ വ്യാപിച്ചതോടെ രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ ഒത്തുകൂടുന്നത് നിരോധിക്കുകയും റോഡ്, റെയിൽ, വിമാന ഗതാഗതം മാർച്ച് 31 വരെ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തത്. എട്ട് വിദേശ പൗരന്മാരുൾപ്പെടെ 95 പേർക്ക് കേരളത്തിൽ രോഗം സ്ഥിരീകരിച്ചു. മൂന്ന് വിദേശികൾ ഉൾപ്പെടെ 87 പേർക്ക് മഹാരാഷ്ട്രയിൽ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കർണാടകയിൽ 37ഉം ഉത്തർപ്രദേശിൽ ഒരു വിദേശി ഉൾപ്പടെ 33 കേസും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ രണ്ട് വിദേശികൾ ഉൾപ്പെടെ 33 കേസുകൾ റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ ഇതുവരെ 10 വിദേശികൾ ഉൾപ്പെടെ 32 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിൽ കേസുകൾ 31 ആയി ഉയർന്നു, ഗുജറാത്തിൽ ഒരു വിദേശി ഉൾപ്പെടെ, 29 കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിൽ 14 വിദേശികൾ ഉൾപ്പെടെ 26 കേസുകളാണുള്ളത്. പഞ്ചാബിൽ 21 കേസുകളാണുള്ളത്. ലഡാക്കിൽ 13 കേസുകളും തമിഴ്‌നാട്ടിൽ രണ്ട് വിദേശികൾ ഉൾപ്പെടെ 12 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.