24 March, 2020 09:42:36 AM
മുഖ്യമന്ത്രി പറഞ്ഞതും ചീഫ് സെക്രട്ടറിയുടെ ഉത്തരവും രണ്ട്: കടകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ അവശ്യ സാധനങ്ങളുടെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. രാവിലെ 7 മുതൽ വൈകിട്ട് അഞ്ച് വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ സമയക്രമം പകൽ 11 മുതൽ 5 വരെ തുറക്കാമെന്നും പറഞ്ഞിരിക്കുന്നു. ഇത് മൂലം കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യാപാരികളും ചെറുകിട കച്ചവടക്കാരും ആശയക്കുഴപ്പത്തിലായി.
മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രാവിലെ ഏഴു മണിക്ക് അവശ്യ സാധനങ്ങള്‍ വില്‍ക്കാന്‍ കടകള്‍ തുറന്നെങ്കിലൂം നഗരങ്ങളില്‍ പോലീസ് എത്തി അടപ്പിച്ചിരുന്നു. അതേസമയം ഹോട്ടലുകള്‍ രാവിലെ തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പാഴ്സലുകള്‍ മാത്രമാണ് നല്‍കുന്നത്. അതേസമയം ഇക്കാര്യത്തില്‍ വിശദീകരണവുമായി വ്യവസായമന്ത്രി ഇ പി ജയരാജന്‍ രംഗത്ത് വന്നിട്ടുണ്ട്. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ തുറക്കാമെന്നും കാസര്‍ഗോഡ് ജില്ലയില്‍ 11 മണി മുതല്‍ 5 വരെ കടകള്‍ തുറക്കാമെന്നുമാണ് പറഞ്ഞിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനത്ത് കടകള്‍ തുറക്കുന്നത് സംബന്ധിച്ച് രാവിലെ മുതല്‍ തുടര്‍ന്ന ആശയക്കുഴപ്പത്തിന് വ്യക്തത വരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. കാസര്‍കോട് ഒഴികെ മറ്റ് ജില്ലകളിൽ കടകള്‍ കട തുറക്കുന്നത് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പിഴവ് വന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കർശന നടപടികൾക്ക് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി നിർദ്ദേശം നൽകി. മതിയായ കാരണങ്ങളില്ലാതെ സഞ്ചരിച്ചാല്‍ കേസെടുക്കും. അവശ്യ സർവ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകും. ഭക്ഷണം, പാനീയം, മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ, പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം, കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്.
കാസർകോട് ജില്ലയിൽ ഇത്തരം കടകൾ രാവിലെ 11 മുതല്‍ തുറക്കും. എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ജില്ലയിലെമ്പാടും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി