23 March, 2020 06:02:52 PM
സംസ്ഥാനത്ത് 28 പേര്‍ക്കു കൂടി കോവിഡ് 19; കേരളം മാര്‍ച്ച് 31 വരെ സമ്പൂര്‍ണമായി അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും സമ്പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ ഈ മാസം 31 വരെയാണ് ഉണ്ടാകുകയെന്നും സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകള്‍ 2 മണിവരെയേ പ്രവര്‍ത്തിക്കു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ 2 മാസത്തേക്ക് പ്രവർത്തിക്കരുത്. ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കും. എല്ലാ ജില്ലയിലും കോവിഡ് ആശുപത്രികള്‍ ആരംഭിക്കും.
ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. മാളുകളില്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. സ്വകാര്യവാഹനങ്ങള്‍ക്ക് വിലക്കില്ല. ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. പെട്രോള്‍ പമ്പ്, എല്‍.പി.ജി വിതരണം, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. കാസര്‍കോട് 19, കണ്ണൂര്‍ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95 ആയി.
ബിവറേജസ് ഔട്ട്ലറ്റുകള്‍ തുറക്കും. ബിവറേജസ് നിര്‍ത്തിയാല്‍ ധാരാളം സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍ ബാറുകള്‍ക്കുള്ളില്‍ കയറിയിരുന്നുള്ള മദ്യപാനം ഒഴിവാക്കും. എന്നാല്‍ കൌണ്ടര്‍ വില്‍പ്പന തുടരുന്നതിനെകുറിച്ച് ആലോചിക്കും. ഹോട്ടലുകളില്‍ കയറിഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. എന്നാല്‍ ഹോം ഡലിവറിയ്ക്ക് കുഴപ്പമില്ല. അവശ്യസാധനങ്ങള്‍ക്കായി ഷോപ്പുകൾ 7 മുതൽ 5 വരെ മാത്രമേ പ്രവർത്തിക്കാവു. അക്ഷയകേന്ദ്രങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം, താമസം എന്നിവ ഉറപ്പാക്കും.
ഇന്ന് 327 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64320 പേര് നിരീക്ഷണത്തിലുണ്ട് ഇപ്പോള്‍. കോവിഡ് ബാധയുള്ളവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അയല്‍ക്കാര്‍ക്ക് നല്‍കും. ആളു കൂടുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തിവെയ്ക്കും. 144 പ്രഖ്യാപിക്കാനുള്ള അധികാരം അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പമല്ല മുന്നേയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.