23 March, 2020 04:43:03 PM
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിരോധനാജ്ഞ; ചരക്ക് നീക്കത്തിന് തടസമില്ല
ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ചൊവ്വാഴ്ച വൈകീട്ട് ആറ് മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. അതേസമയം തമിഴ്നാട്ടിൽ നിന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമുണ്ടാകില്ല. മാര്‍ച്ച് 31 ശേഷം സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ ഒമ്പത് പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. ചെന്നൈ, ഈറോഡ്, കാഞ്ചീപുരം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നീ അഞ്ച് ജില്ലികളിലാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് ആറ് മുതല്‍ മദ്യശാലകളും പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കില്ല.