23 March, 2020 08:58:09 AM
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 400 കടന്നു: മുംബൈയില്‍ 23,000 ചേരി നിവാസികള്‍ നിരീക്ഷണത്തിൽ
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിയിലും കോവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. മുംബൈ സെന്‍ട്രലിലെ ചേരി നിവാസികളെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
വീട്ടുജോലിക്ക് പോയി കുടുംബം പുലര്‍ത്തിയിരുന്ന 69 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ആളുടെ വീട്ടിലാണ് ഇവര്‍ ജോലിക്ക് നിന്നത്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇവരെയും പരിശോധയ്ക്ക് വിധേയയാക്കിയത്. തുടര്‍ന്ന് രോഗ ബാധ സ്ഥിരകീരിക്കുകയായിരുന്നു.
അതേസമയം ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും ജമ്മുകശ്മീര്‍, ലഡാക്ക്, ചണ്ഡിഗഡ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടും. തെലങ്കാനയും ആന്ധ്രയും മുഴുവന്‍ അതിര്‍ത്തികളും അടച്ചു. കര്‍ണാടകത്തില്‍ ഒന്‍പത് ജില്ലകളിലാണ് ലോക്ക് ഡൗണ്‍. ബെംഗളുരു നഗരത്തിലേക്കും പുറത്തേക്കും യാത്ര വിലക്കി.