22 March, 2020 11:25:53 PM
ദില്ലി തിങ്കളാഴ്ച മുതൽ പൂര്‍ണമായി അടച്ചിടും: അരവിന്ദ് കെജ്രിവാള്
ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലി തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 31 വരെ പൂര്‍ണമായി അടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മാർച്ച് 31 വരെ മെട്രോ സര്‍വീസടക്കം ഒരു പൊതുഗതാഗതവും പ്രവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ബസുകള്‍, റിക്ഷകള്‍ തുടങ്ങിയ ഗതാഗത സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ല. എന്നാൽ അവശ്യ സര്‍വീസുകള്‍ക്കായി ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ നാലിലൊന്ന് ബസുകള്‍ മാത്രം ഓടും. അന്തര്‍സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ തുടങ്ങിയവയൊന്നും ഡല്‍ഹിയില്‍ പ്രവേശിക്കില്ല.
വ്യാപാര സ്ഥാപനങ്ങള്‍, ആഴ്ചച്ചന്തകള്‍, ഫാക്ടറികള്‍, കടകള്‍ തുടങ്ങിയവയൊന്നും പ്രവര്‍ത്തിക്കില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടക്കും. അത്യാവശ്യ ചരക്കു നീക്കങ്ങള്‍ മാത്രമാണ് അനുവദിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂർണമായും നിര്‍ത്തിവെക്കും. മതചടങ്ങുകള്‍ അനുവദിക്കില്ല. സ്വകാര്യ ഓഫീസുകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കില്ല.
അതേസമയം ഫയര്സ്റ്റേഷനുകള്, പൊലീസ്- ജയില്‍-വൈദ്യുതി-വെള്ളം വകുപ്പുകള്‍, റേഷന്‍ കടകള്‍, മുന്‍സിപ്പല്‍ സേവനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും. അച്ചടി-ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. ടെലികോം, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ല. ഫാര്‍മസികളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുമെനന്നും മുഖ്യമന്ത്രി വ്യക്തമാക്കി.