22 March, 2020 03:31:15 PM
കേരളത്തിലെ ഏഴു ജില്ലകൾ ഈ മാസം 31 വരെ അടച്ചിടും; രാജ്യത്ത് 75 ജില്ലകളില്‍ ലോക് ഡൗണ്‍
തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്-19) വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊറോണ സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ എഴുപത്തഞ്ച് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗൺ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകൾ ഈ മാസം 31 വരെ അടച്ചിടണമെന്നാണത്രേ നിര്‍ദ്ദേശം. ജനസമ്പർക്കം പൂർണ്ണമായും ഒഴിവാക്കുന്നതിനായാണ് നടപടി. അവശ്യ സര്‍വ്വീസുകൾ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം.
എന്നാല്‍ കേന്ദ്രവുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ് 19 ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിഗതികൾ കൈവിട്ടു പോകാതിരിക്കാൻ കർശന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കേന്ദ്രം ലോക്ഡൗൺ നിര്‍ദ്ദേശിച്ചതോടെ ഇനി സംസ്ഥാനവും കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം.
അവശ്യ സര്‍വ്വീസുകളിൽ എന്തെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിൽ വിശദമായ പട്ടിക സംസ്ഥാനമാണ് പുറത്തിറക്കേണ്ടത്. ആരോഗ്യ സ്ഥാപനങ്ങൾ, അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ, ബാങ്കുകൾ എടിഎമ്മുകൾ, പെട്രോൾ പമ്പുകൾ തുടങ്ങി എല്ലാ അവശ്യസര്‍വ്വീസുകളും ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടി എടുക്കണം. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കാനല്ല, മറിച്ച് കര്‍ശന നടപടികളിലൂടെ കോവിഡ് പ്രതിരോധത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ശനിയാഴ്ച വരെ സംസ്ഥാനത്ത് 52 കോവിഡ് 19 രോഗികൾ ഉണ്ടെന്നാണ് കണ്ടെത്തിയത്.