21 March, 2020 07:44:49 PM
സംസ്ഥാനത്ത് 52 പേര്‍ക്ക് കൊവിഡ് 19; നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരും - മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് മാത്രം പുതുതായി 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ ആറ് പേര്‍ക്കും കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ മൂന്ന് വീതം പേര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എല്ലാവരും ഗള്‍ഫില്‍ നിന്ന് വന്നവരാണ്. സംസ്ഥാനത്ത് 53013 നിരീക്ഷണത്തിലുണ്ട്. 52785 പേര്‍ വീടുകളില്‍ 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശലപ്പിച്ചു. 3716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2566 എണ്ണം നെഗറ്റീവാണ്. രോഗപ്രതിരോധത്തില്‍ സംസ്ഥാനം ഒരുമയോടെ മുന്നേറുന്നു. മതപരമായ ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം മത സാമുദായിക നേതൃത്വം സ്വീകരിച്ചിട്ടുണ്ട്.
മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ വലിയ നിയന്ത്രണം ഏര്‍പ്പെടുത്തി. ചില പള്ളികള്‍ കൂട്ട പ്രാര്‍ത്ഥനകള്‍ തന്നെ ഒഴിവാക്കി. ചില പള്ളികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജുമാ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിസ്ത്യന്‍ പള്ളികളും ഞായറാഴ്ച പ്രാര്‍ത്ഥനകളില്‍ ക്രമീകരണം വരുത്തി. കര്‍ദിനാല്‍ ക്ലീമീസ് കാതോലിക്ക ബാവ തന്നെ ഇക്കാര്യം നേരിട്ട് വിളിച്ച് അറിയിച്ചു. ആരോഗ്യ വകുപ്പുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതകളില്‍ സര്‍ക്കുലര്‍ അയച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ശേഷം സ്വയം ക്വാറന്റൈനില്‍ പോയി. യാക്കോബായ സുറിയാനി സഭയില്‍ കുമ്പസാരം കൈവയ്പ്പ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍ദ്ദേശിച്ചു. പരുമല തീര്‍ത്ഥാടനം നിര്‍ത്തിവച്ചു. കെ.സി.ബി.സി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പെന്തക്കോസ്ത്, സി.എസ്.ഐ സഭകളും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാര്‍ച്ച് 31 വരെ ക്ഷേത്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലും കാടാമ്പുഴ ക്ഷേത്രത്തിലും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല ഉത്സവം ആചാരപരമായ ചടങ്ങുകളിലേക്ക് മാത്രം ചുരുക്കി. ഈ മാസം 28ന് നട തുറക്കുമെങ്കിലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ശ്രീപദ്മനാഭ ക്ഷേത്രത്തിലും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂരിലെ പറശനിക്കടവ് ക്ഷേത്രത്തില്‍ നിത്യ പുജകള്‍ നിര്‍ത്തി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൊതുവില്‍ എല്ലാവരും പാലിക്കുന്നുണ്ട്. എന്നാല്‍ ചില വ്യക്തികളും ചില ആരാധനാലയങ്ങളും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
കാസര്‍ഗോഡ് ജില്ലയില്‍ നിരുത്തരവാദിത്തത്തിന്റെ ദൃഷ്ടാന്തം കണ്ടതാണ്. രോഗബാധിതന്‍ യാതൊരു നിയന്ത്രണവും പാലിക്കാതെ യഥേഷ്ടം സഞ്ചരിച്ചു. ഇയാളുടെ റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹയാത്രികരില്‍ നിന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. കൗണ്‍സിലിങ് അടക്കം നടത്തി ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇയാള്‍ യാത്രാ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരക്കാരെ ന്യായീകരിക്കാനും സ്വയം ന്യായീകരിക്കുന്നതിന് അവസരം നല്‍കാനും മാധ്യമങ്ങള്‍ തയ്യാറാകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ പെരുമാറുന്നത് പൊതുസമൂഹത്തിന് തന്നെ ഭീഷണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസിത രാജ്യമായിട്ടും ഇറ്റലിയില്‍ 627 ആളുകള്‍ മരിച്ചു. മരണസംഖ്യയില്‍ ചൈനയെ മറികടക്കുന്ന സാഹച്യമാണ് നിലനില്‍ക്കുന്നത്. മറ്റ് വികസിത രാജ്യങ്ങളിലേക്കും രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. നമ്മളെ ഒന്നും ബാധിക്കില്ലെന്ന ചിന്തയാണ് ചിലര്‍ക്ക്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരര്‍ക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്ക് ചുമതല നല്‍കിയതായും മുഖ്യമന്ത്രി വെളിപ്പെടുത്തി