21 March, 2020 12:05:25 AM
കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത യു.പി മന്ത്രി നിരീക്ഷണത്തില്‍
ലഖ്‌നൗ: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണികാ കപൂറിന്റെ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി സെല്‍ഫ് ഐസലേഷനില്‍. ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ് ആണ് ഐസലേഷനില്‍ പ്രവേശിച്ചത്. കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം നൂറുകണക്കിന് പേരാണ് നിരീഷണത്തിലായിരിക്കുന്നത്.
താന്‍ പങ്കെടുത്തത് കുടുംബ പരിപാടിയിലാണെന്നും ഇന്ന് രാവിലെ സെക്രട്ടറിയും സ്റ്റാഫും പറയുമ്പോഴാണ് വിവരം അറിഞ്ഞതെന്നും ജയ് പ്രതാപ് സിങ് പറഞ്ഞു. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ കണിക കപൂറിന് വെള്ളിയാഴ്ചയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കണിക ഇപ്പോള്‍.
കണിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജയും ഇവരുടെ മകനും പാര്‍ലമെന്റ് അംഗവുമായ ദുഷ്യന്ത് സിംഗും നിരീക്ഷണത്തിലാണ്. പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.
മനോജ് തിവാരി, സുരേന്ദ്ര സാഗര്‍ നിഷികാന്ത് എന്നിവരുടെ അടുത്താണ് ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത്. കുറച്ചുനാളായി ലണ്ടനിലായിരുന്ന കണിക മാര്‍ച്ച് 15നാണ് നാട്ടിലെത്തിയത്. എന്നാല്‍ അധികൃതരെ വിവരം അറിയിക്കാതെ ഇവര്‍ പുറത്തുകടന്നു. കൂടാതെ നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടികളും സംഘടിപ്പിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു.
രോഗം സ്ഥിരീകരിച്ചതോടെ കണികയുടെ പിതാവ് രാജീവ് കപൂര്‍ ഇവര്‍ നടത്തിയ പാര്‍ട്ടിയുടെ വിവരങ്ങള്‍ ആജ് തക് ന്യൂസിന് നല്‍കിയിട്ടുണ്ട്. നാനൂറിലധികം പേരാണ് കണികയുടെ വിവിധ പാര്‍ട്ടികളില്‍ പങ്കെടുത്തത്. കണികയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.