20 March, 2020 04:29:46 PM
സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസം ഓഫീസില്‍ എത്തിയാല്‍ മതി; ശനിയാഴ്ച പൊതുഅവധി
കാസർഗോഡ് 12 അതിർത്തി റോഡുകൾ അടച്ചു
തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഓഫീസിൽ എത്തിയാൽ മതി. ശനിയാഴ്ച പൊതു അവധിയായും പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു. പുതിയ തീരുമാനം അനുസരിച്ച് സർക്കാർ ഓഫീസിൽ എത്തുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയും. ദിവസവും 50 ശതമാനം ജീവനക്കാർ മാത്രം ഓഫീസിൽ എത്തിയാൽ മതി. ഇന്ന് ജോലിക്ക് എത്തുന്ന പകുതി ജീവനക്കാർ നാളെ വരേണ്ടതില്ല. പകരമായി ഇന്ന് അവധിയിലായിരുന്ന ജീവനക്കാർ ജോലിക്കെത്തും. ഇതിനായി ജീവനക്കാരെ എ, ബി, സി, ഡി എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. മാർച്ച് 31 വരെയാണ് നിയന്ത്രണം.
ആഫീസുകളില്‍ ഹാജരാകാത്ത ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാം. ഇതിനായി വിപിഎന്‍ അടക്കമുള്ള സൌകര്യങ്ങള്‍ മേലുദ്യോഗസ്ഥര്‍ ചെയ്തുകൊടുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വീട്ടിലിരിക്കുന്ന ജീവനക്കാര്‍ എല്ലായ്പോഴും ഓഫീസുമായി ബന്ധപ്പെടണം. അവശ്യഘട്ടങ്ങളില്‍ മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഓഫീസില്‍ ഹാജരാകുകയും വേണം. ഏതെങ്കിലും ജീവനക്കാരുടെ വീടുകളില്‍ ഹോം ക്വാറന്‍റയിന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ലഭ്യമാക്കും.
കർണാടക സംസ്ഥാനവുമായി അതിർത്തിപങ്കിടുന്ന കാസർഗോഡ് ജില്ലയിലെ 12 റോഡുകൾ അടച്ചു. അഞ്ച് അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് കാസർഗോഡ് ജില്ലാ കളക്‌ടർ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മു ടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കൽ സുള്ള്യ പദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡ് എന്നിവയാണ് പൂർണമായും അടച്ചത്.
തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂർ- കൊട്ടിയാടി - സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ് എന്നിവ വഴി കടന്നുവരുന്നവരെ കർശനപരിശോധനയ്ക്ക് ശേഷമെ കടത്തിവിടൂ. ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ആരോഗ്യപ്രവർത്തകർ പോലീസുകാർ എന്നിവരടങ്ങിയ സംഘത്തെ അഞ്ച് അതിർത്തി റോഡുകളിലും വിന്യസിക്കും. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.