20 March, 2020 06:18:44 AM


തൂക്കിലേറ്റി: നിർഭയ കേസിലെ നാല് പ്രതികൾക്കും തിഹാർ ജയിലിൽ അന്ത്യം



ദില്ലി: നിർഭയ കേസിലെ നാല് പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റി. പുലർച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകർ വെള്ളിയാഴ്ച പുലർച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂർത്തിയാകാത്ത കുറ്റവാളി മൂന്നുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസിൽ മറ്റൊരു പ്രതിയായ രാം സിങ് 2013 മാർച്ച് 11 ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.
വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നതിനായി നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമായിരുന്നു പ്രതികൾ സൃഷ്ടിച്ചത്. 
ശിക്ഷ നടപ്പിലാക്കുന്നത് തടയാൻ അർധരാത്രിയിൽ സുപ്രീംകോടതിയെ പ്രതികളുടെ അഭിഭാഷകർ സമീപിച്ചിരുന്നു. എന്നാൽ ഇവർ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു. നാലുമണിയോടെ പ്രതികളെ ഉണർത്തി സുപ്രീം കോടതി ഹർജി തള്ളയ വിവരം അറിയിച്ചു. തങ്ങളുടെ കുടുംബാംഗങ്ങളെ ഒരിക്കൽ കൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാർ അധികൃതർ തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് ഇവരുടെ ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കി. ഇതോടെ പുലർച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റി. വിധി നടപ്പാക്കുമ്പോൾ സുപ്രീം കോടതിയുടെ സമീപത്ത് നിർഭയയുടെ അമ്മ ആശാ ദേവിയും ഭർത്താവും ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K