19 March, 2020 07:53:43 PM
പഞ്ചാബിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു; രാജ്യത്ത് ഇതുവരെ നാലു മരണം
ദില്ലി: പഞ്ചാബിൽ ആദ്യത്തെ കോവിഡ് 19 മരണം സ്ഥിരീകരിച്ചു. ഇതോടെ നോവൽ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ നാലുപേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഡൽഹി, കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് 19 ബാധിച്ച് ഓരോരുത്തർ മരിച്ചത്.
25 വിദേശികൾ ഉൾപ്പെടെ 167 പേർക്കാണ് രാജ്യത്ത് നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, പതിനഞ്ചോളം ആളുകൾ ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി മടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതിൽ മൂന്നുപേർ വിദേശികളാണ്. രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച കേരളമാണ് കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്.