18 March, 2020 11:19:38 PM
കോവിഡ് 19: സംസ്ഥാനത്ത് പുതിയ കേസുകളില്ല; ചികിത്സാസൗകര്യം വർധിപ്പിക്കും - മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ്19 സ്ഥിരീകരിച്ച പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25,603 ആണ്. അതിൽ 25,366 പേർ വീടുകളിലും 237 പേർ ആശുപത്രികളിലുമാണുള്ളത്. ബുധനാഴ്ച 57 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7861 പേരെ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ രോഗബാധയില്ലാത്തതിനാൽ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിശോധനയ്ക്കയച്ച 2550 സാമ്പിളുകളിൽ 2140 പേരുടെ ഫലം ലഭിച്ചതിൽ രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതിയും ഹൈക്കോടതിയും സംതൃപ്തി രേഖപ്പെടുത്തിയത് പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. ജാഗ്രത തുടരുന്നതിനൊപ്പം, ജനജീവിതം സാധാരണ നിലയിൽ തുടരാനാകണം. എന്നാൽ അണുബാധ വർധിക്കാനുള്ള സാഹചര്യമുണ്ടായാൽ നേരിടാനുള്ള ആവശ്യമായ മുൻകരുതലുകൾ കൈക്കൈാള്ളും. കൂടുതൽ ആളുകൾ പരിശോധനയ്ക്ക് തയാറാകണം. ഇതിനായി ചികിത്സാ സൗകര്യം വർധിപ്പിക്കും. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ വൈകിട്ടുവരെ നിലവിൽ ഒ.പി സൗകര്യമുണ്ട്. ഇതിനൊപ്പം എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വൈകിട്ട് വരെ ഒ.പി സൗകര്യം ഒരുക്കും. ഇതിനായി ഒരു ഡോക്ടറെ കൂടി പ്രകാദേശികമായി അവിടങ്ങളിൽ ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രതിരോധനടപടികൾ സർക്കാർ ശക്തിപ്പെടുത്തും. തയാറെടുപ്പുകൾ നടക്കേണ്ടത് കൂടുതൽ പ്രാദേശികതലത്തിലായതിനാൽ വ്യാഴാഴ്ച തദ്ദേശസ്ഥാപനപ്രതിനിധികളുമായി പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിൽ ആശയവിനിമയം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിക്ടേഴ്സ് ചാനലിലൂടെയാകും തത്സമയ ആശയവിനിമയം. ഓരോ പ്രദേശങ്ങളിലെയും വ്യത്യസ്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഇതിൽ പങ്കെടുക്കും. നിരീക്ഷണത്തിൽ ഇരിക്കുന്നവർ സ്വയം ഇറങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാൻ കൂടുതൽ ജാഗ്രത വേണം. വീടുകളിൽ കഴിയുന്നവർ തങ്ങളുടേയും സാമൂഹത്തിന്റെയും രക്ഷയെക്കരുതി മാർഗനിർദേശങ്ങൾ പാലിക്കണം.
ആരാധനാലയങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ പിന്തുണയും മത-സാമുദായിക നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ അവർ ഉറപ്പുനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുധാരയോട് ചേർന്നുനിൽക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. വിവിധ മതവിഭാഗങ്ങൾ ഇതിനകം തന്നെ പങ്കെടുക്കുന്ന ആളുകളെ പരിമിതപ്പെടുത്തി മാതൃകാപരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ ഭരണിക്ക് മറ്റു ജില്ലകളിൽ നിന്നുള്ള ആളുകൾ പോകുന്നത് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വലിയതോതിൽ കുറയ്ക്കണം. ഇക്കാര്യത്തിൽ പൂർണ സഹകരണം ക്ഷേത്രവുമായി ബന്ധപ്പെട്ടവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കളക്ടർമാരും എസ്.പിമാരും പൊതുനില പാലിക്കാൻ സമുദായനേതാക്കളുമായി ബന്ധപ്പെട്ട് പ്രേരിപ്പിക്കണം.
കേരളത്തിൽ ആരോഗ്യ വോളണ്ടിയർമാരുടെ രജിസ്ട്രേഷൻ സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴുള്ള കാര്യങ്ങൾ നേരിടാൻ സർക്കാർ സജ്ജമാണ്. എന്നാൽ മോശമായ അന്തരീക്ഷമുണ്ടായാൽ നേരിടാൻ മുൻകൂട്ടി തയാറെടുപ്പുകൾ ആവശ്യമാണ്. ഇതിനായി കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനം വേണം. വിരമിച്ചവരുടെ സേവനവും സഹകരണവും ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. ഇത്തരക്കാരുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയാറാക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ മാറ്റിവെക്കേണ്ടിവന്നപ്പോൾ ചില ഓഡിറ്റോറിയങ്ങൾ തുക തിരിച്ചുനൽകാത്തത് നല്ല പ്രവണതയല്ല. ഇക്കാര്യത്തിൽ നാടിന്റെ സാഹചര്യം മനസിലാക്കി പണം തിരിച്ചുനൽകുന്നതിന് ആവശ്യമായ ഇടപെടൽ ജില്ലാ ഭരണകൂടം നടത്തണം.
എല്ലാ ജില്ലകളിലും കോവിഡ് കെയർ സെൻററുകൾ ആരംഭിക്കുന്നതിനൊപ്പം ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും സൗകരങ്ങൾ ഉപയോഗപ്പെടുത്താനാകണം. ചില ലോഡ്ജുടമകൾ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ തന്നെ പല ഹോട്ടൽ ശൃംഖലകളും ഇത്തരം ആവശ്യങ്ങൾക്ക് ഹോട്ടൽ വിട്ടുനൽകിയിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസർ ക്ഷാമം തീർക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പ് 'സമഗ്ര' വിഭവ പോർട്ടലിലൂടെ 81,000 അധ്യാപകർക്ക് ഓൺലൈനായി പരിശീലനം നൽകി അക്കാദമിക രംഗത്തെ ഇടപെടൽ സജീവമായി തുടരുന്നത് മാതൃകാപരമാണ്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കണം. ഓൺലൈനായി ഹോം ഡെലിവറിയിലൂടെ സാധനങ്ങൾ എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും. അതേസമയം, വീടുകളിൽ വിതരണത്തിന് പോകുന്നവർ കൃത്യമായി മാർഗനിർദേശങ്ങൾ പാലിക്കണം.
കടകളിൽ കാർഡ് പേമെൻറിന് പോയിൻറ് ഓഫ് സെയിൽ മെഷീനുകൾക്കൊപ്പം സാനിറ്റൈസർ നിർബന്ധമായി വയ്ക്കണം. എ.ടി.എമ്മുകളിലും സാനിറ്റൈസർ ലഭ്യമാക്കണം. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ടാക്സി, ഓട്ടോ ഡ്രൈവർമാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും കൃത്യമായ ബോധവത്കരണം വേണം. ആംബുലൻസ് ഡ്രൈവർമാർക്ക് ആരോഗ്യവകുപ്പ് ജില്ലതോറും പരിശീലനസൗകര്യമൊരുക്കും. ആദിവാസിമേഖലകളിൽ രോഗം പടരാതിരിക്കാൻ ഫലപ്രദമായ ഇടപെടലിന് പട്ടികജാതി-പട്ടികവർഗ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് പുസ്തങ്ങൾ ലഭ്യമാക്കുന്നത് അവർക്ക് ഒറ്റപ്പെടൽ ഒഴിവാക്കാനും മാനസികാരോഗ്യം നിലനിർത്താനും സഹായിക്കും. ഡി.സി ബുക്ക്സ് ഇതിന് സഹകരിക്കുന്നുണ്ട്. ഇത് മറ്റുള്ളിടത്തും അവലംബിക്കാവുന്നതാണ്.
പനിയോ ചുമയോ ആയി വന്നാലുടൻ സർക്കാർ ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുന്ന ചില സ്വകാര്യ ആശുപത്രികളുടെ നിലപാട് മാതൃകാപരമല്ല. ഇക്കാര്യം തിരുത്താൻ നടപടി സ്വീകരിക്കാൻ ഐ.എം.എയോട് അഭ്യർഥിച്ചിട്ടുണ്ട്. കോളേജുകളിലെ മൂല്യനിർണയ ക്യാമ്പും എസ്.എസ്.എൽ.സി മൂല്യനിർണയവും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ നടത്താൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ ചികിത്സാ സൗകര്യത്തിന് വിപുലമായ കെട്ടിടങ്ങൾ ആവശ്യം വന്നാൽ സർക്കാർ സ്ഥാപനങ്ങളുടെ ഭാഗമായ കെട്ടിടങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സംബന്ധിച്ചു.