17 March, 2020 12:31:19 PM


കേന്ദ്ര മന്ത്രി വി.മുരളീധരന്‍ നിരീക്ഷണത്തിൽ; ശ്രീചിത്ര ആശുപത്രിക്കെതിരെ നടപടി ഉണ്ടായേക്കും



തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്വയം നിരീക്ഷണത്തിൽ. കൊറോണ സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർ പങ്കെടുത്ത പരിപാടിയിൽ വി മുരളീധരനും പങ്കെടുത്തിരുന്നു.  ഈയൊരു സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും പൊതുപരിപാടികൾ ഒഴിവാക്കികൊണ്ട് ദില്ലിയിലെ ഔദ്യോഗിക വസതിയിൽ കഴിയുകയാണ് അദ്ദേഹം. ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രിയും പങ്കെടുത്തത്. 


ഇന്നലെ മുതൽ മുരളീധരൻ പൊതുപരിപാടികളിലോ യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല. വരും ദിവസങ്ങളിലും പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് കേന്ദ്രമന്ത്രിയുടെ തീരുമാനം. കോവിഡ് 19 സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടര്‍ പരിശീലനത്തിനായി സ്‌പെയിനിൽ പോയതായിരുന്നു. വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി.


അതേസമയം, ഡോക്ടർക്ക് ആദ്യ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചത് മറച്ചുവെച്ചതിന് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെതിരെ നടപടി വന്നേക്കും. കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ സന്ദർശനത്തിന് വേണ്ടിയാണ് ഡോക്ടർക്ക് വൈറസ് ബാധിച്ച കാര്യം മറച്ച് വച്ചത്. ആശുപത്രിയിലെ 43 ഡോക്ടർമാർ ഉൾപ്പടെ 76 പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടി.


മന്ത്രിയുടെ സന്ദർശനത്തിന് മുൻപ് മൂന്ന് തവണ മന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രീചിത്ര ഡയറക്ടറെ ബന്ധപ്പെട്ടിരുന്നു. ഈ മാസം 13നാണ് ഡോക്ടറുടെ ആദ്യ റിപ്പോർട്ട് ലഭിച്ചത്. മന്ത്രി സന്ദർശനം നടത്തിയത് 14നായിരുന്നു. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ശ്രീചിത്ര അധികൃതരുടെ വിശദീകരണം ലഭിച്ചാൽ ഉടൻ നടപടിയ്ക്ക് ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K