15 March, 2020 07:27:09 PM
തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ്; നാളെ മുതല്‍ റോഡുകളിലും പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് പഠനത്തിന് പോയി തിരിച്ചുവന്ന ഡോക്ടര്‍ക്കാണ് രോഗം. ബ്രിട്ടീഷ് പൗരനടക്കം കോവിഡ് രോഗികളുടെ എണ്ണം 21 ആയി.
നാളെ മുതല്‍ റോഡുകളിലും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി പരിശോധനയ്ക്ക് വിധേയരാകണം. റയില്‍വേ സ്റ്റേഷനുകളില്‍ ഇന്ന് പരിശോധന തുടങ്ങി.
ആളുകള്‍ പുറത്തിറങ്ങുന്നതിന് തടസമില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കണം. പൊതുഗതാഗതസംവിധാനം നിര്‍ത്തരുത്. തൊഴിലടക്കം ജീവിതപ്രക്രിയ തടസപ്പെടുത്തുന്ന നിയന്ത്രണങ്ങളില്ല. മൂന്നാറില്‍ നിരീക്ഷണത്തിലിരിക്കേ മുങ്ങാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരന് കോവിഡ് രാവിലെയാണ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് കടന്ന വിദേശിയേയും ഭാര്യയേയും നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോഴാണ് കണ്ടെത്തിയത്. ഇരുവരേയും കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാക്കി. ഒപ്പമുണ്ടായിരുന്ന പതിനേഴംഗസംഘത്തെ കൊച്ചിയിലെ ഹോട്ടലില്‍ കര്‍ശനനിരീക്ഷണത്തിലാക്കി.
വിമാനം മറ്റു യാത്രക്കാരുമായി ദുബായിലേക്ക് പോയി. പ്രഖ്യാപിച്ചിട്ടുള്ള കടുത്ത നിയന്ത്രണങ്ങളൊക്കെയും മറികടന്നാണ് മൂന്നാറിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ബ്രിട്ടീഷ് പൗരനും സംഘവും നെടുമ്പാശേരിയിൽ എത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നാറിൽ നിന്ന് പുറപ്പെട്ട സംഘം രാത്രി കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയെന്നാണ് വിവരം. രാവിലെ 9.20ന് പുറപ്പെടേണ്ട വിമാനത്തിൽ യാത്രചെയ്യാനെത്തിയ സംഘത്തെ അവസാന നിമിഷം ജില്ലാ ഭരണകൂടം നൽകിയ നിർദേശപ്രകാരമാണ് സിയാൽ അധികൃതർ തടഞ്ഞത്. ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും ഉടൻ കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി.
മന്ത്രി വി.എസ്. സുനിൽകുമാറും ജില്ലാ കലക്ടറും അടക്കം വിമാനത്താവളത്തിൽ എത്തി അടിയന്തര യോഗം ചേർന്നു. ബ്രിട്ടീഷ് പൗരന് ഒപ്പമുണ്ടായിരുന്ന 17 പേരെയും കൊച്ചിയിലെ റിസോർട്ടിൽ നിരീക്ഷണത്തിലാക്കി. മറ്റ് യാത്രക്കാരുമായി ദുബായ് വിമാനം നെടുമ്പാശേരിയിൽനിന്ന് പുറപ്പെട്ടുവെങ്കിലും ഒരു യാത്രക്കാരൻ പ്രത്യേക സാഹചര്യത്തിൽ യാത്ര ഒഴിവാക്കി പിന്മാറി.