15 March, 2020 12:59:19 PM
ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും 454 പേരെത്തി; നിരീക്ഷണത്തിനായി ക്യാമ്പുകളിലേക്ക്
ദില്ലി: ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള 454 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇറ്റലിയില്‍ കുടുങ്ങിയ 220 പേരെയും ഇറാനിന്‍ നിന്ന് 234 അംഗ സംഘത്തെയുമാണ് നാട്ടില്‍ തിരികെ എത്തിച്ചത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഇറ്റലിയില്‍ നിന്ന് 211 വിദ്യാര്‍ഥികളടക്കം 220 ഇന്ത്യക്കാരെയാണ് ഇന്ന് രാവിലെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലിയില്‍ എത്തിച്ചത്. കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിക്കുകയും പ്രഭവകേന്ദ്രം ഇപ്പോള്‍ യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ ഇറ്റലിയില്‍ നിന്ന് ഒഴിപ്പിച്ചത്.
211 വിദ്യാര്‍ഥികളെയും കൂടെയുള്ള മറ്റ് ഏഴ് പേരെയും മിലാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഒഴിപ്പിച്ചുവെന്ന് മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. ഈ നിര്‍ണായക അവസ്ഥയില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. എയര്‍ ഇന്ത്യയ്ക്കും ഇറ്റാലിയന്‍ അധികൃതര്‍ക്കും പ്രത്യേക നന്ദി. - ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു. അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ഥികളും രംഗത്തെത്തി. "എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തി. ഞങ്ങളെ തിരികെ എത്തിക്കാന്‍ മുന്‍കൈയെടുത്ത എല്ലാവര്‍ക്കും നന്ദി." - ഇന്ത്യയില്‍ എത്തിയവരില്‍ ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
ഇറാനില്‍ കുടുങ്ങിയ ഒരു സംഘം വിദ്യാര്‍ഥികളെയും ഇന്ന് രാവിലെ ദില്ലിയില്‍ തിരിച്ചെത്തിച്ചു. 234 അംഗ സംഘത്തെയാണ് ഇന്ത്യയിലെത്തിച്ചത്. ഇതില്‍ 131 പേര്‍ വിദ്യാര്‍ഥികളും 103 പേര്‍ തീര്‍ഥാടകരുമായിരുന്നു. രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങളിലായി ഇവരെ രാജസ്ഥാനില്‍ സൈന്യം ക്രമീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി. മിലാനില്‍ നിന്നുള്ളവരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഐടിബിടിയുടെ ഛാവല ക്യാമ്പിലേക്ക് നിരീക്ഷണത്തിനായി മാറ്റും