15 March, 2020 11:10:15 AM
കൊറോണ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം
ബംഗളൂരു: കൊറോണ ബാധിച്ചു മരിച്ചയാളുടെ വീട്ടിലെത്തി അഭിമുഖം നടത്തി അമിതവേശം കാട്ടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണം. കല്‍ബുര്‍ഗിയില്‍ കഴിഞ്ഞദിവസം കൊറോണ ബാധിച്ചു മരിച്ച 76 കാരനായ മുഹമ്മദ് ഹുസൈന് സിദ്ദിഖിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി അഭിമുഖം നടത്തുകയും ചെയ്ത 14 മാധ്യമപ്രവര്‍ത്തകരിലാണ് കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹുസൈന് സിദ്ദിഖി (76) മരിച്ചത്.
മരിച്ച സിദ്ദിഖിയുടെ രക്തസാമ്പിളുകള്‍ ബംഗളൂരുവിലെ വൈറോളജി ലാബിലയച്ചു പരിശോധിച്ചപ്പോള്‍ മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തുകയായിരുന്നു. കൊറോണാ ബാധിച്ചാണ് സിദ്ദിഖി മരിച്ചതെന്ന വാര്‍ത്തയുണ്ടായിട്ടും ഇത് കണക്കാക്കാതെ ഇയാളുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളില്‍നിന്ന് നേരിട്ടു വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇതോടെ കോവിഡ് വൈറസ് ബാധിതരില്‍നിന്നു നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തേക്ക് കര്‍ണാടക ആരോഗ്യവകുപ്പ് വിലക്കേര്‍പ്പെടുത്തി.