14 March, 2020 02:12:17 PM
സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ചാല്‍ കര്‍ശന നടപടി: മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിക്കുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ വരുതിയില്‍ നിര്‍ത്താന്‍ മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി ടോം ജോസ്. തീരുമാനങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ പ്രതികരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു.
സര്‍വെ ഡയറക്ടര്‍ പ്രേം കുമാറിന്റെ സ്ഥലംമാറ്റത്തിനെതിരെ കത്തയച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.വേണുവിനെ അനുകൂലിച്ച് നിരവധി ഉദ്യോഗസ്ഥര്‍ വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് സന്ദേശം അയക്കുന്ന സാഹചര്യത്തിലാണ് സര്‍വീസ് ചട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ചീഫ് സെക്രട്ടറി രംഗത്തെത്തിയത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍വീസില്‍ സ്ഥാനമുണ്ടാവില്ലെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തന്റെ എതിര്‍പ്പ് അവഗണിച്ച് സര്‍വെ ഡയറക്ടറെ മാറ്റിയതില്‍ പ്രതിഷേധിച്ച് അവധിയെടുത്ത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.വേണു തിങ്കളാഴ്ച സര്‍വീസില്‍ പ്രവേശിച്ചേക്കും. ദീര്‍ഘകാല അവധിയിലേക്ക് കടന്നാല്‍ വേണുവിനെ റവന്യൂവകുപ്പില്‍ നിന്നും മാറ്റാനുള്ള നീക്കവും സജീവമായിരുന്നു