14 March, 2020 10:49:56 AM


ഇറ്റലിയില്‍ നിന്നുള്ള ആദ്യ സംഘം എത്തി: മിലാനില്‍ കുടുങ്ങിയവരെ ഇന്നെത്തിക്കും - കേന്ദ്രമന്ത്രി



ദില്ലി: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഇന്ത്യയില്‍ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇതിനിടെ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിയ 21 മലയാളികളെ ശനിയാഴ്ച രാവിലെ കേരളത്തിലെത്തിച്ചു. ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് 21 പേരെ നെടുമ്പാശേരിയിലെത്തിച്ചത്. വൈറസ് ബാധയില്ലെന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റുമായാണ് 21 പേരും എത്തിയിരിക്കുന്നതെന്നാണ് വിവരം.


വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘം ഇറ്റലിയിലേക്ക് പോയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലും ഇവര്‍ക്കായി പ്രത്യേകം പരിശോധന നടത്തിയതിനു ശേഷമാണ് പുറത്തെത്തിച്ചത്. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ അലുവയിലെ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ കൂടുതല്‍ നിരീക്ഷണത്തിലാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


40 ഓളം പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ശേഷിക്കുന്നവരെ ഇന്നോ നാളെയോ ആയി കേരളത്തിലെത്തിക്കും. അതേസമയം ഇറ്റലിയിലെ മിലാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിരുന്നു. ഇവരെ രാജ്യത്ത് തിരികെ എത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം അയയ്ക്കുമെന്നും, കുടുങ്ങിക്കിടക്കുന്ന 250 ഓളം പേരെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K