14 March, 2020 12:49:48 AM


രാജ്യത്ത് രണ്ടാമത്തെ കൊറോണ മരണം; ദില്ലിയിൽ 69 കാരി മരിച്ചു



ദില്ലി: രാജ്യത്ത് വീണ്ടും കൊറോണ മരണം. ദില്ലി ആര്‍.എം.എല്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 69 വയസുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കല്‍ബുറഗി സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാമത്തെ മരണമാണ് ദില്ലിയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ദില്ലിയിൽ മരിച്ച സ്ത്രീയുടെ മകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനും 22നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും ഇറ്റലിയിലും ഇവരുടെ മകന്‍ സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ 23നാണ് മകന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതോടെ മാര്‍ച്ച് ഏഴിന് യുവാവിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടുംബം നിരീക്ഷണത്തിലായിരുന്നു.

പനിയും ചുമയും അനുഭവപ്പെട്ടതോടെയാണ് യുവാവിന്റെ അമ്മയേയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച് എട്ടിന് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. തൊട്ടടുത്ത ദിവസം ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ അവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില കൂടുതല്‍ മോശമായതോടെ മാര്‍ച്ച് ഒന്‍പത് മുതല്‍ വെന്റിലേറ്ററിലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K