12 March, 2020 10:27:12 PM
രാജ്യത്തെ ആദ്യ കോവിഡ് മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു; മരിച്ചത് 76 കാരന്‍
ബംഗളുരു: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം. കർണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി (79) മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ചൊവ്വാഴ്ചയാണ് സിദ്ദിഖി മരിച്ചത്. ഉംറ കഴിഞ്ഞ് ഫെബ്രുവരി 29 ന് സൗദി അറേബ്യയിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ല.
പിന്നീട് മാർച്ച് അഞ്ചിന് കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. അവിടെവച്ചാണ് കൊറോണ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തിയത്. മൂന്ന് ദിവസത്തിനുശേഷം അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വിട്ടശേഷമാണ് അദ്ദേഹം മരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സിദ്ദിഖിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തുന്നതിനും ഐസോലേറ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന് കർണാടക ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. അദ്ദേഹം തെലങ്കാനയിലും ചികിത്സ തേടിയിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ തെലങ്കാന സർക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ട്.