12 March, 2020 04:14:20 PM
പ്രളയഫണ്ട് തട്ടിപ്പ്: 23 ലക്ഷമായെന്ന് ക്രൈംബ്രാഞ്ച്; കേസ് ഡയറി എവിടെയെന്ന് കോടതി
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പില്‍ ഇതുവരെ 23 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കേസ് ഡയറി ഹാജരാക്കാതെ കസ്റ്റഡി അപേക്ഷ നല്‍കിയതില്‍ അന്വേഷണസംഘത്തെ കോടതി ശാസിച്ചു. കേസ് ഡയറി ഹാജരാക്കാതെ എങ്ങനെയാണ് തീരുമാനമെടുക്കുകയെന്നും കേസില്‍ എന്തെങ്കിലും മറച്ചുവെക്കാനുണ്ടോ എന്നും കോടതി അന്വേഷണസംഘത്തോട് ചോദിച്ചു.
എത്രയുംപെട്ടെന്ന് കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. അറസ്റ്റിലായ എറണാകുളം കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദാണ് പ്രളയഫണ്ട് തട്ടിപ്പിലെ മുഖ്യ സൂത്രധാരനെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇയാള്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ വിഷ്ണുപ്രസാദിനെ ഏതാനും ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
സിപിഎം പ്രാദേശിക നേതാക്കളടക്കം ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായാണ് വിവരം. കേസില്‍ വിഷ്ണുപ്രസാദിന്റെ സുഹൃത്ത് മഹേഷ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിഥിന്‍, ഭാര്യ ഷിന്റു എന്നിവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രാദേശിക നേതാവ് എം.എം.അന്‍വറും ഭാര്യയും ഒളിവിലാണ്. കേസില്‍ പ്രതികളായ പാര്‍ട്ടി അംഗങ്ങളെ സിപിഎമ്മില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു