10 March, 2020 11:48:38 AM


കൊറോണ: വിദ്യാലയങ്ങള്‍ അടച്ചിടും; ഏഴാം ക്ലാസ് വരെ പരീക്ഷയുമില്ല



തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടി മുതൽ ഏഴു വരെയുള്ള ക്ലാസുകൾ മാർച്ച് മാസത്തിൽ പൂർണമായി അടച്ചിടും. സി ബി എസ് ഇ, ഐ സി എസ് സി തുടങ്ങി എല്ലാവർക്കും അവധി ബാധകമായിരിക്കും. ഏഴാം ക്ലാസ് വരെ പരീക്ഷ ഉണ്ടായിരിക്കില്ല. സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകൾ എന്നിവയും ഒഴിവാക്കും. മദ്രസകളും, ട്യൂട്ടോറിയൽ സ്ഥാപനങ്ങളും അടച്ചിടും.


അതേസമയം, 8, 9, 10, 12 എന്നീ ക്ലാസുകളിലെ പരീക്ഷ കൃത്യമായി നടക്കും. എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകുമെങ്കിലും ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍, സര്‍വകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. അംഗൻവാടി കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകും.


കോറോണയുടെ പശ്ചാത്തലത്തില്‍ ക്വാറന്‍റൈന്‍ ചെയ്തിട്ടുള്ളതോ നിരീക്ഷണത്തില്‍ ഉള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. മന്ത്രിസഭാ തീരുമാനം ഉണ്ടായ പിന്നാലെ സംസ്ഥാനത്തെ സ്കൂളുകള്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 11 മുതല്‍  വേനലവധി പ്രഖ്യാപിച്ചുകൊണ്ട് അറിയിപ്പുകള്‍ നല്‍കി തുടങ്ങി. 


ഉത്സവങ്ങൾ ഒഴിവാക്കാനും നിർദ്ദേശം നൽകി. ക്ഷേത്രോത്സവം, പള്ളിപ്പെരുന്നാളുകൾ എന്നിവയെല്ലാം ചടങ്ങുകൾ മാത്രമായി നടത്തണം. ശബരിമലയിൽ ദർശനത്തിന് ആളുകൾ പോകരുത്. അതേസമയം, ചടങ്ങുകൾ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകൾ പരിമിതമായി നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.


സാമുദായിക - മത-രാഷ്ട്രീയ- ഇതര സംഘടനാ നേതാക്കളുടെ സഹകരണം തേടി ആളുകൾ കൂട്ടത്തോടെ എത്തുന്ന പരിപാടികൾ താൽക്കാലികമായി ഈ മാസം മുഴുവൻ നിർത്തിവെക്കാനുള്ള നടപടികൾ തുടങ്ങുമെങ്കിലും ജനങ്ങൾക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും കൊറോണയുടെ പേരിൽ സോഷ്യൽ മീഡിയാ വഴി വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K