10 March, 2020 12:02:42 AM


മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കം; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കര്‍ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍



ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം സജീവം. മന്ത്രിമാര്‍ അടക്കം 17 കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യയോട് അനുഭാവം പുലര്‍ത്തുന്ന എം.എല്‍.എമാരാണ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുന്നത്.


മന്ത്രിമാരടക്കം കര്‍ണാടകയിലേക്ക് പോയിരിക്കുന്ന എം.എല്‍.എമാരില്‍ ആരുമായും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. മന്ത്രിമാരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. ആരോഗ്യ മന്ത്രി തുളസി സിലാവത്, തൊഴില്‍ മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ, ഗതാഗത മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുത്, വനിതാ ശിശുക്ഷേമ മന്ത്രി ഇമാര്‍ത്ഥി ദേവി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പ്രദ്യൂമ്‌ന സിംഗ് തൊമര്‍, വിദ്യാഭ്യാസ മന്ത്രി ഡോ. പ്രഭുര ചൗധരി എന്നിവരാണ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുന്ന മന്ത്രിമാര്‍.


മധ്യപ്രദേശ് പി.സി.സി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാധിത്യ സിന്ധ്യയും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുകയാണ്. മുഖ്യമന്ത്രി കമല്‍നാഥ് തന്നെയാണ് പി.സി.സി അധ്യക്ഷ സ്ഥാനവും വഹിക്കുന്നത്. സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ദീര്‍ഘനാളായി പ്രതിസന്ധിയിലാണ്. നേരിയ സീറ്റിന്റെ വ്യത്യാസത്തില്‍ ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കും കോണ്‍ഗ്രസിലെ തര്‍ക്കം അനുകൂലമായി മാറിയിരിക്കുകയാണ്.


നേരത്തെ കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെയാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുവന്ന വിമത എം.എല്‍.എമാര്‍ പിന്നീട് യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാരാവുകയും ചെയ്തിരുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 114 സീറ്റുള്ള കോണ്‍ഗ്രസ് ബി.എസ്.പിയുടെയും സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. ബി.ജെ.പിക്ക് 107 സീറ്റുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K