09 March, 2020 05:32:15 PM
പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ത്തു; വസതിയില്‍ വിജിലന്‍സ് റെയ്ഡ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ ഗതാഗതമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് പ്രതിചേര്‍ത്തു. ഇബ്രാഹിംകുഞ്ഞിന്റെ ആലുവ പെരിയാര്‍ തീരത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ് നടക്കുന്നത്. ഇബ്രാഹിംകുഞ്ഞിനെ മൂന്നു തവണ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്.
ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് പാലാരിവട്ടം കേസ് അന്വേഷിക്കുന്ന സംഘം വീട്ടില്‍ റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുമ്പോള്‍ ഇബ്രാഹിംകുഞ്ഞ് സ്ഥലത്തുണ്ടായിരുന്നില്ല. സഹായികളും അടുത്ത ബന്ധുക്കളും മാത്രമാണ് വീട്ടിലുള്ളത്. അദ്ദേഹം തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് സഹായികള്‍ പറയുന്നു. വൈകാതെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് പോകുമെന്നാണ് സൂചന.
ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തതിനു ശേഷം മുന്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ അനുമതിയോടെയാണ് എല്ലാം ചെയ്തതെന്ന നിലപാടില്‍ സൂരജ് ഉറച്ചുനില്‍ക്കുകയായിരുന്നു.
മേല്‍പ്പാലം നിര്‍മ്മാണത്തിനുള്ള കരാര്‍ ആര്‍.ഡി.എസ് കമ്പനിയ്ക്കു നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നും അതുവഴി ലഭിച്ച കോടിക്കണക്കിന് രൂപ നോട്ട് നിരോധന സമയത്ത് പാര്‍ട്ടി മുഖപത്രത്തില്‍ നിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരനായ ഗിരീഷ് ബാബു ചൂണ്ടിക്കാട്ടുന്നു. കേസില്‍ ടി.ഒ സൂരജ്, ആര്‍.ടി.എസ് കമ്പനി എം.ഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു