06 March, 2020 09:06:42 PM


വേണാട് എക്‌സ്പ്രസ് വനിതകള്‍ നിയന്ത്രിക്കും: ലോക്കോ പൈലറ്റ് മുതല്‍ ഗാര്‍ഡുവരെ സ്ത്രീകള്‍



തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. മാര്‍ച്ച്‌ എട്ടിന് രാവിലെ 10.15-ന് വേണാട് എക്‌സ്പ്രസ് എറണാകുളത്ത് നിന്നും പുറപ്പെടുമ്പോള്‍ പൂര്‍ണ നിയന്ത്രണം സ്ത്രീകളുടെ കൈകളിലായിരിക്കും. അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ ഭാഗമായാണിതെന്ന് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പോയിന്റ്സ്മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാം വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്‌നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളായിരിക്കും. ഇതിനു പുറമെ റെയില്‍വേ സംരക്ഷണ സേനയിലെ വനിതാ ഉദ്യോഗസ്ഥരാവും സുരക്ഷയൊരുക്കുന്നത്. ദക്ഷിണ റെയില്‍വേ തിരുവനന്തപുരമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രാവിലെ 10.15ന് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടുന്ന ട്രയിനിലെ വനിത ജീവനക്കാര്‍ക്ക് റെയില്‍വേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.


ടി.പി. ഗൊറോത്തി ഈ ട്രെയിനിന്‍റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാര്‍ഡായി എം. ഷീജ, ടി.ടി.ഇ. ആയി ഗീതാകുമാരി, പ്ലാറ്റ്ഫോം എസ്.എം. ആയി ദിവ്യ, ക്യാബിന്‍ എസ്.എം. ആയി നീതു, പോയിന്റ്സ്മെന്‍ ആയി പ്രസീദ, രജനി, മെക്കാനിക്കല്‍ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥന്‍, വി.ആര്‍. വീണ, എ.കെ. ജയലക്ഷ്മി, സൂര്യ കമലാസനന്‍, ടി.കെ. വിനീത, ശാലിനി രാജു, അര്‍ച്ചന എന്നിവരും ഈ ട്രയിനില്‍ ജോലിചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K