04 March, 2020 11:22:21 PM
വോട്ടർ ഐ.ഡി കാർഡിൽ 'നായ'യുടെ ചിത്രം; പരാതിയുമായി ബംഗാൾ സ്വദേശി
കൊല്‍ക്കത്ത: തെറ്റുതിരുത്താൻ അപേക്ഷ നൽകിയതിനു പിന്നാലെ കിട്ടിയ പുതിയ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ബംഗാൾ സ്വദേശിയായ വയോധികൻ. വടക്കൻ ബംഗാളിലെ സുനിൽ കർമാക്കർക്ക് ലഭിച്ച തിരിച്ചറിയൽ കാർഡില്‍ സ്വന്തം ചിത്രത്തിനു പകരം നായയുടെ ചിത്രം കടന്നുകൂടിയതാണ് പ്രശ്നമായത്.
"ആദ്യം ലഭിച്ച തിരിച്ചറിയൽ കാർഡിൽ ചില തെറ്റുകളുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും അപേക്ഷ നൽകിയത്. പുതിയ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങളൊക്കെ ശരിയാണ്. പക്ഷെ ഫോട്ടോ മാറിപ്പോയി"- 64 കാരനായ സുനിൽ കർമാക്കർ പറയുന്നു. കാർഡ് കണ്ടവരൊക്കെ തന്നെ കളിയാക്കുകയാണെന്നും അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറയുന്നു.
അതേസമയം തിരിച്ചറിയൽ കാർഡിൽ ഗുരുതരമായ തെറ്റ് കടന്നുകൂടിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ രാജർഷി ചക്രബർത്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.