04 March, 2020 10:23:51 PM
'മുഖ്യമന്ത്രിയെ വധിക്കുമെന്ന്': പി ജയരാജനും എ.എ റഹിമിനും ഭീഷണികത്തുകള്‍
തിരുവനന്തപുരം / കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാവ് പി ജയരാജനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും വധഭീഷണി. വധിക്കുമെന്ന് കാട്ടിയുള്ള ഭീഷണിക്കത്തുകള്‍ മൂവര്‍ക്കും ലഭിച്ചു. അസഭ്യ പരാമർങ്ങളോടുകൂടിയതാണ് മുഖ്യമന്ത്രിക്കെതിരേയുള്ള കത്ത്. പിണറായിയെയും റഹീമിനെയും നോക്കി വച്ചിട്ടുണ്ടെന്നും കൊന്നു കളയുമെന്നുമാണ് എസ്ഡിപിഐയുടെ പേരിലുള്ള ഭീഷണി.
പോപ്പുലർ ഫ്രണ്ടിനെയും എസ്.ഡി.പി.ഐ യേയും തെറി പറഞ്ഞല്ലെയെന്ന് ചോദിച്ചുകൊണ്ടാണ് റഹീമിനെ അഭിസംബോധന ചെയ്തുള്ള കത്ത് ആരംഭിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്നലെ ലഭിച്ച കത്തുകൾക്കൊപ്പമാണ്എസ്.ഡി.പി.ഐയുടെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചത്. നീ പോയി ഉശിരില്ലാത്ത ബി.ജെ.പിക്കാരോട് വായിട്ടലയ്ക്കണം. ഞങ്ങളോടു വേണ്ട. വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്നും ഇത് ബി ജെ പി - ആർ.എസ്.എസോ അല്ലെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഭീഷണിക്കെതിരേ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുമെന്ന് റഹിം പറഞ്ഞു.
സിപിഎം നേതാവ് പി ജയരാജനെ ഉടൻ കൊലപ്പെടുത്തുമെന്ന് കാണിച്ചുള്ള കത്ത് തപാലിൽ ആണ് അയച്ചിട്ടുള്ളത്. കണ്ണൂർ കക്കാട് അരയാൽതറയിൽ എം രവീന്ദ്രൻ എന്ന ആളുടെ പേര് വെച്ചാണ് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തിട്ടുള്ള ഒപ്പു വെച്ച കത്ത്. ആർ എസ് എസ് പ്രവർത്തകൻ കതിരൂർ മനോജിന്റെയും, മുസ്ലിം ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെയും രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയായ ജയരാജൻ ആണെന്ന് കത്തിൽ ആക്ഷേപിക്കുന്നു.
"പ്രധാന രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതൻ ആയിട്ടും നിയമ നടപടികളിൽ നിന്നും നിങ്ങൾ രക്ഷപ്പെടുകയാണ്. അതുകൊണ്ട് കൊടും ക്രൂരതയ്ക്ക് ഇരയായവരുടെ ഓർമ്മയ്ക്കായി ഞാൻ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. നിങ്ങൾ താമസിയാതെ കൊല്ലപ്പെടും", എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആകെ അഞ്ചു വാചകങ്ങളാണ് കത്തിലുള്ളത്. ഫെബ്രുവരി 27 ആണ് കത്ത് എഴുതിയതായി വെച്ചിട്ടുള്ള തീയതി. സംഭവത്തെത്തുടർന്ന് കതിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കത്തിലെ മേൽവിലാസം വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്.