01 March, 2020 03:24:55 PM
കോവിഡ് 19: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുള്ള സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി. മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. തലസ്ഥാനത്തെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവടങ്ങളില്‍ നിന്നുള്ള 17 പേരാണ് സംഘത്തിലെ മലയാളികള്‍. മൊത്തം 23 പേരാണ് സംഘത്തിലുള്ളത്.
23 അംഗ സംഘം പുറത്തിറങ്ങാനാകാതെ മുറിയില്‍ കഴിയുകയാണ്. ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. നാല് മാസം മുമ്പാണ് സംഘം ഇറാനിലേക്ക് പോയത്. മലയാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംഘത്തിലുള്ളവര്‍ അറിയിച്ചിരിക്കുന്നത്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരിക്കുന്ന ആഹാരസാധനങ്ങളും തീര്‍ന്നു. ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും പൊഴിയൂര്‍ സ്വദേശി അരുള്‍ദാസ് വാര്‍ത്താ ചാനലുകളോട് പറഞ്ഞു.
സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരാനും കഴിയാത്ത അവസ്ഥയിലാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്‌പോണ്‍സര്‍ പറയുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നോര്‍ക്ക വഴി എംബസി മുഖേന സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.