26 February, 2020 11:24:27 PM


ദില്ലി കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി; 107 പേര്‍ അറസ്റ്റില്‍



ദില്ലി: ദില്ലി കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. ദില്ലി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആറുകള്‍ രജിസ്റ്റർ ചെയ്തു. 107 പേർ അറസ്റ്റിലായി. കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ രത്തൻ ലാലിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സൈന്യത്തെ വിന്യസിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.


കെജ്രിവാളും മനീഷ് സിസോദിയയും അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അദ്ദേഹം പറഞ്ഞു. 1984 ആവർത്തിക്കാൻ അനുവദിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വടക്കുകിഴക്കൻ ദില്ലിയിൽ  പൗരത്വ നിയമ ഭേഗഗതി നിയമത്തെച്ചൊല്ലിയുണ്ടായ വർഗീയ അക്രമത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.


മതേതര, ജനാധിപത്യ ശക്തികൾ ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും നിശബ്ദരായി  നോക്കി നിൽക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബിമാൻ ബോസ് പറഞ്ഞു. ഇത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരാജയമാണെന്ന് കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് നടന്‍ രജനികാന്ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K