26 February, 2020 02:42:40 PM


ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു; അന്ത്യം ആനക്കോട്ടയില്‍വെച്ച്



ഗുരുവായൂര്‍: ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. 80 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക്  രണ്ട് മണിയോടെയായിരുന്നു ചരിഞ്ഞത്. ആനക്കോട്ടയിൽ വച്ചു തന്നെയാണ് ചരിഞ്ഞത്. പ്രായാധിക്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മാസമായി  ചികിത്സയിലായിരുന്നു.  


ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗുരുവായൂർ പത്മനാഭൻ. ഗുരുവായൂർ ദേവസ്വത്തിന്‍റെ വകയായുള്ള ആനയാണിത്. 1954 ജനുവരി 18നാണ്‌ പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. 1962 മുതല്‍ ഗുരുവായൂരപ്പന്‍റെ തിടമ്പേറ്റി തുടങ്ങി. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്‍റെ രാത്രി തിടമ്പേറ്റിയിരുന്നു.



ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആനയാണ് ഗുരുവായൂര്‍ പത്മനാഭന്‍. 2.25 ലക്ഷം വരെയാണ് പത്മനാഭന്‍റെ ഏക്കം (തുക). 2004 ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (രൂപ. 2,22,222/-) രൂപ ഏക്കത്തുക നൽകിയത്.


ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതൽ ഗജരത്നം പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകൾക്ക് അയച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2011 മാർച്ച്‌ 01ന് നടന്ന ഉത്രാളിക്കാവ് പൂരത്തിന് പത്മനാഭൻ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി തിടമ്പേറ്റി. 2011 ഒക്ടോബർ മാസത്തിൽ പദ്മനാഭന്‍റെ ആരോഗ്യവർധന കണക്കിലെടുത്ത് പുറംഎഴുന്നള്ളിപ്പിന് അയയ്ക്കാനുള്ള ദൂരപരിധി 30 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ദേവസ്വം ഭരണസമിതി ഉയർത്തി. ഇതിനു ശേഷം പദ്മനാഭന്‍റെ ആദ്യത്തെ എഴുന്നള്ളത് ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാക്ഷേത്രത്തിൽ ആയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K