26 February, 2020 12:53:42 PM
പൊലീസ് വകുപ്പിലെ അഴിമതി; 180 കോടിയുടെ ക്യാമറ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ റദ്ദാക്കി
തിരുവനന്തപുരം: ട്രാഫിക് എൻഫോഴ്മെന്‍റ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ പൊലീസ് റദ്ദാക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കാനുള്ള 180 കോടി രൂപയുടെ ടെന്‍ഡര്‍ റദ്ദാക്കുന്നത് അഴിമതി ആരോപണം ഉയർന്നതോടെയാണ്. ഈ സാഹചര്യത്തിൽ ടെന്‍ഡര്‍ റദ്ദാക്കാൻ ടോമിൻ ജെ തച്ചങ്കരി അധ്യക്ഷനായ 11 അംഗ സാങ്കേതിക സമിതിയുടെതാണ് ശുപാർശ.
അന്വേഷണ റിപ്പോർട്ട് ഡിജിപിയ്ക്ക് കൈമാറി. സാങ്കേതിക പരിശോധനയിൽ കെൽട്രോണും സിഡ്കൊയും യോഗ്യത നേടിയിരുന്നു. തുടർന്ന് ഫിനാൻഷ്യൽ ടെന്‍ഡര്‍ വിളിക്കാനിരിക്കുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ചത്. പിരിക്കുന്ന പിഴത്തുകയിൽ സർക്കാരിന് കൂടുതൽ വിഹിതം വാഗ്ദാനം ചെയ്ത സിഡ്കൊയെ ഒഴിവാക്കി പദ്ധതി കെൽട്രോണിന് നൽകാനാണ് പൊലീസ് ഒരുങ്ങുന്നത്. കെൽട്രോണിന് വേണ്ടി പദ്ധതി നടപ്പാക്കുന്നത് മീഡിയട്രോണിക്സ് എന്ന കമ്പനിയാണ്.
സിംസ് നടത്തിപ്പിലെ വിവാദ കമ്പനി ഗാലക്സോണിന്റെ ബിനാമിയാണ് മീഡിയട്രോണിക്സെന്നും ഇതിന് പിന്നിൽ വൻ അഴിമതിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കാനുള്ള 180 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇതോടെ വിവാദത്തിലായത്. ടെന്റർ ഒഴിവാക്കി വീണ്ടും ടെന്റർ വിളിക്കാനാണ് ശുപാർശ. പിഴയായി ഈടാക്കുന്ന തുകയുടെ 50 ശതമാനമെങ്കിലും സർക്കാരിന് ലഭിക്കുന്ന രീതിയിൽ കരാർ തയ്യാറാക്കാനാണ് നിർദ്ദേശം.