24 February, 2020 09:47:10 PM


എം രാജേന്ദ്രൻ ശിവകുമാറിന്‍റെ ബിനാമി; ഭൂമി വാങ്ങികൂട്ടിയത് 13 ഇടങ്ങളില്‍



തിരുവനന്തപുരം: മുൻമന്ത്രി വി എസ് ശിവകുമാറിന്‍റെ പ്രധാന ബിനാമിയെന്ന് സംശയിക്കുന്ന എം രാജേന്ദ്രൻ 13 ഇടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. രാജേന്ദ്രന്‍റെ വീട്ടിൽ നിന്ന് 13 ആധാരങ്ങളടക്കം 72 രേഖകൾ റെയ്ഡിൽ  പിടിച്ചെടുത്തു. ശിവകുമാറിന്‍റെയും കൂട്ട് പ്രതികളുടെയും വീടുകളിൽ നടത്തിയ റെയ്ഡിന്‍റെ വിശദമായ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.


അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ എം രാജേന്ദ്രൻ വിഎസ് ശിവകുമാറിന്റെ പ്രധാന ബിനാമിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. രാജേന്ദ്രന് വിദേശത്തും സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. മറ്റൊരു പ്രതിയായ ഹരികുമാറില്‍‌ നിന്ന് രണ്ട് ബാങ്ക് ലോക്കറിന്‍റെ താക്കോലുകൾ പിടിച്ചെടുത്തു. ഇവയും കോടതിയിൽ സമർപ്പിച്ചു. 25 രേഖകളും ഹരികുമാറിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


ശിവകുമാറിന്‍റെ ഡ്രൈവറായിരുന്ന ഷൈജു ഹരന്‍റെ വീട്ടിൽ നിന്ന്  15 രേഖകളാണ് പിടിച്ചെടുത്തത്. മകളുടെ ഫീസ് രേഖകളടക്കം നിർണായകമായ 56 രേഖകൾ ശിവകുമാറിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ്  റിപ്പോർട്ട് സമർപ്പിച്ചത്. ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K