24 February, 2020 01:08:18 PM
സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജി ഉപയോഗിച്ച ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ട്രംപ്; ഒപ്പം മെലാനിയയും
ഗാന്ധിനഗര്‍: ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ സബര്‍മതി ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂറ്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 36 മണിക്കൂര്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍ വിമാനമിറങ്ങി ആദ്യം സന്ദര്‍ശിച്ചത് സബര്‍മതി ആശ്രമമായിരുന്നു. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരമര്‍പ്പിച്ച ശേഷമായിരുന്നു ആശ്രമത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ചര്‍ക്കയില്‍ നൂല്‍ നൂറ്റത്.
ട്രംപിനൊപ്പം ഭാര്യ മെലാനിയയും ഉണ്ടായിരുന്നു. ഇരുവര്‍ക്കും എങ്ങിനെയാണ് ചര്‍ക്ക പ്രവര്‍ത്തിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ട്രംപിന് പറഞ്ഞു കൊടുത്തു. പിന്നീട് ആശ്രമത്തിലെ ജീവനക്കാരുടെ സഹായത്തോടെ മെലാനിയയും ട്രംപും ചര്‍ക്കയില്‍ നൂല്‍ നൂറ്റു. സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി മോഡി തന്നെയായിരുന്നു ട്രംപിന് ഒപ്പം നിന്നുകൊണ്ട് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തതും. ആശ്രമത്തിലെ ഹൃസ്വ സന്ദര്‍ശനത്തിന് ശേഷം സന്ദര്‍ശന റജിസ്റ്ററില്‍ കുറിപ്പെഴുതാനും ട്രംപ് മറന്നില്ല. 12.30 യോടെ സബര്‍മതിയില്‍ എത്തിയ ട്രംപ് 12.45 ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി യാത്രയായി.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തിയായിരുന്നു ട്രംപിനെ സ്വീകരിച്ചത്. തുടര്‍ന്ന് ഇവിടെ നിന്നും വാഹനവ്യൂഹത്തിന്റെ അകമ്പടിയിലായിരുന്നു സബര്‍മതി ആശ്രമത്തിലേക്ക് എത്തിയത്. വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോ ആയിട്ടാണ് സബര്‍മതിയിലേക്ക് പോയത്. റോഡിനിരുവശവും കലാപ്രകടനങ്ങളോട് ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. മൊട്ടേര സ്‌റ്റേഡിയത്തിലെ പരിപാടിയാണ് അടുത്തതായി പദ്ധതിയിലുള്ളത്. അതിന് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്രയാകും