21 February, 2020 01:26:54 PM
കേരള കോണ്‍ഗ്രസ് (ജേക്കബ്) പിളര്‍ന്നു: ജോസഫുമായി ലയന പ്രഖ്യാപനം നടത്തി ജോണി നെല്ലൂര്‍
കോട്ടയം: ചെയര്‍മാന്‍ ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എയും വെവ്വേറെ വിളിച്ചു ചേര്‍ത്ത സംസ്ഥാന യോഗങ്ങള്‍ കോട്ടയത്ത് ചേര്‍ന്നതോടെ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പിളർപ്പ് പൂർത്തിയായി.. കേരള കോണ്‍ഗ്രസ് ജോസഫുമായി ലയനമെന്ന വിഷയമാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നയിച്ചത്.
ജോസഫ് ഗ്രൂപ്പുമായി ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ലയന പ്രഖ്യാപനം നടത്തി. ഈ മാസം 29 ന് എറണാകുളത്ത് വച്ച് ലയന സമ്മേളനം നടക്കുമെന്നും അദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജോസഫുമായി ജോണി നെല്ലൂര്‍ ലയിക്കാനൊരുങ്ങിയതോടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയത്. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ് എംഎല്‍എ. ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ധാരണയിലെത്തിയിരുന്നു. അതേ സമയം, പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു.
സാങ്കേതിക നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും ചേരുന്നത്. നിയമ നടപടികളുണ്ടായാല്‍ അതിനെ പ്രതിരോധിക്കുക കൂടിയാണ് ലക്ഷ്യം. അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാനും ലീഡര്‍ക്കും തുല്യ അധികാരമാണുള്ളത്. എന്നാല്‍ പാര്‍ട്ടി ലീഡറുടെ അനുമതിയോടെ കൂടി ചെയര്‍മാന്‍ പ്രവര്‍ത്തിക്കണം എന്നും ഭരണഘടനയിലുണ്ട്.