19 February, 2020 08:03:01 PM
'ഉണ്ട'യെപ്പറ്റി മിണ്ടാട്ടമില്ല; പൊലീസിനെ വെള്ളപൂശി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ പൊലീസിനെ വെള്ളപൂശി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്. വെടിക്കോപ്പുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും രജിസ്റ്ററിൽ കടന്നുകൂടിയിട്ടുള്ള തെറ്റുകളാണ് അവ നഷ്ടപ്പെട്ടെന്ന റിപ്പോർട്ടിനു പിന്നിലെന്നും ആഭ്യന്തര സെക്രട്ടറി. ക്യാമറ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിലും സി എ ജി ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും കെൽട്രോണിനെ പർച്ചേസ് ഏല്പിച്ചതിലെ പിഴവുകളാണ് ചൂണ്ടിക്കാട്ടിയതെന്നും ആഭ്യന്തരസെക്രട്ടറി വിശദീകരിക്കുന്നു.
ആഭ്യന്തര വകുപ്പിനെതിരേയുള്ള നാല് ആരോപണങ്ങളിലും പൊലീസിനെ അക്കമിട്ട് ന്യായീകരിക്കുന്ന റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്കു നൽകിയത്. 1994 മുതൽ വെടിക്കോപ്പുകളുടെ കണക്കുകൾ സൂക്ഷിക്കുന്നതിൽ പിഴവുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ 2017ൽത്തന്നെ അന്വേഷണം ആരംഭിച്ചു. എസ്എപി ക്യാംപിൽ നിന്നു കാണാതായെന്നു പറയുന്ന 25 തോക്കുകളും എ.ആർ ക്യാംപിലേക്ക് മാറ്റിയതിന് തെളിവുണ്ട്. 660 തോക്കുകൾ എസ്എപി ക്യാംപിലേക്കു നൽകിയതിൽ 16 എണ്ണം വിവിധ ബെറ്റാലിയിനുകളിലേക്ക് നൽകി. 44 എണ്ണം എസ്എപിയിൽത്തന്നെയുണ്ട്.
രജിസ്റ്ററിലെ പിഴവ് ഒഴിവാക്കാൻ ആയുധങ്ങളുടെ കണക്ക് കംപ്യൂട്ടറിൽ രേഖപ്പെടുത്താൻ നിർദേശിച്ച ആഭ്യന്തര സെക്രട്ടറി, സുരക്ഷാ ഭീഷണിയെന്ന ആശങ്ക തള്ളിക്കളയുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് വില്ലകൾ പണിതത് ഉൾപ്പെടെയുള്ള ആരോപണങ്ങളിലും പൊലീസിന് ക്ലീൻ ചിറ്റാണ് ആഭ്യന്തര സെക്രട്ടറി നൽകിയത്. ആഢംബര വാഹനങ്ങൾ വാങ്ങിയിട്ടില്ല. ഇന്നോവ അടക്കമുള്ള വാഹനങ്ങൾ ഹൈവേ പട്രോളിംഗിനു നൽകി. പൊലീസ് സ്റ്റേഷനുകളിൽ മാത്രമല്ല, ക്രൈംബ്രാഞ്ചിനും ഇത്തരം വാഹനങ്ങൾ ആവശ്യമുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ ദൗർലഭ്യമില്ല. പൊലീസ് വകുപ്പിൽ സാധനങ്ങൾ വാങ്ങിയതിൽ സ്റ്റോക് പർച്ചേസ് മാന്യുവലിന്‍റെ ലംഘനമുണ്ടായെന്ന ആരോപണവും ശരിയല്ല.
വാഹനങ്ങളിൽ എക്സറേ ബാഗേജ്, വോയ്സ് ലോദർ സിസ്റ്റം എന്നിവ സ്ഥാപിക്കാൻ കെൽട്രോണിനെയാണ് ചുമതലപ്പെടുത്തിയത്. ഇതിലും പൊലീസ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്ക് ഓപ്പൺ ടെൻഡർ വിളിച്ചാൽ അതു സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് അതിനു തയാറാകാത്തത് എന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ ന്യായീകരണം. എസ്ഐ മുതൽ ഡിവൈഎസ്പി വരെയുള്ളവർക്ക് ക്വാർട്ടേഴ്സ് പണിയാൻ 2013-14ൽ ഫണ്ട് അനുവദിച്ചെങ്കിലും 2017-18 വരെ ആ തുക ചെലവഴിച്ചില്ല. 2017-18ൽ ഉപധനാഭ്യർഥനയിലൂടെ വീണ്ടും തുക അനുവദിച്ചെങ്കിലും നിർമാണ ചെലവ് വർധിച്ചു. ഈ തുക ലാപ്സായി പോകാതിരിക്കാനാണ് വീടില്ലാത്ത ഡിജിപി ഉൾപ്പെടെയുള്ളവർക്ക് വില്ല നിർമിച്ചതെന്നാണ് ഇക്കാര്യത്തിലെ വിചിത്ര വിശദീകരണം.