18 February, 2020 01:50:40 PM
അനധികൃത ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചാൽ ക്രിമിനൽ കേസ്; ഡിജിപി ഉത്തരവിറക്കി
കൊച്ചി: ഫ്ളക്സ് ബോർഡുകൾ അടക്കം അനധികൃതമായി ബാനർ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നു ഡിജിപിയും റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറും സർക്കുലർ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും ഡിജിപി സർക്കുലർ അയച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അനധികൃത ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ സ്വമേധയാ പരിഗണിക്കുന്ന ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യമറിയിച്ചത്.
അനധികൃത ബോർഡും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നും വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും വ്യക്തമാക്കി ഡിജിപി സർക്കുലർ ഇറക്കണമെന്നു നേരത്തെ ഹർജി പരിഗണിക്കവെ കോടതി നിർദേശിച്ചിരുന്നു. പൊതുസ്ഥലത്തെ അനധികൃത ബോർഡുകളും കൊടി തോരണങ്ങളും 15 ദിവസത്തിനുള്ളിൽ മാറ്റാൻ നിർദേശിക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപിച്ച വ്യക്തികൾക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.