14 February, 2020 04:48:21 PM


എന്‍ഐഎ അന്വേഷണം ഡിജിപി അട്ടിമറിച്ചേക്കാം; വേണ്ടത് ജുഡീഷ്യൽ അന്വേഷണം - മുല്ലപ്പള്ളി



കോഴിക്കോട്: പൊലീസിന്‍റെ ആയുധങ്ങള്‍ കാണാതായ സംഭവം ഹൈക്കോടതി നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായത് കൊണ്ട് ഒരു പക്ഷെ എന്‍.ഐ.എയുടെ അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസപ്പടുത്താനാകും.


വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുഖ്യമന്ത്രിയും നരേന്ദ്രമോദിയും തമ്മിലുള്ള അന്തര്‍ധാര അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. നരേന്ദ്രമോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറരുത്. ഡി.ജി.പിയും നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് മുന്‍പും പറഞ്ഞതാണ്. ഇത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്ത് വരുന്ന സംഭവങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു. 


ഒരു കാരണവുമില്ലാതെ കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയവരോട് ആയുധം കാണാതായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ യു.എ.പി.എ ചുമത്താന്‍ നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. പിണറായി വിജയനാണോ അതല്ല ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണോ ആഭ്യന്തരമന്ത്രിയെന്ന് വ്യക്തമാവാത്ത അവസ്ഥയാണുള്ളത്. മുഖ്യമന്ത്രിയാണ് ഡി.ജി.പിയെ സംരക്ഷിക്കുന്നത്.  മുല്ലപ്പള്ളി കുറ്റപ്പെടുത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K