04 February, 2020 05:33:17 PM
സെൻകുമാറിന്റേത് കള്ളപ്പരാതി; മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: മുന്‍ ഡിജിപി ടി. പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കേസ് അവസാനിപ്പിച്ചു. സെൻകുമാറിന്റേത് കള്ളപ്പരാതിയാണെന്ന് കണ്ടെത്തിയാണ് പോലീസ് കേസ് അവസാനിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിംഗ് എഡിറ്റർ പി.ജി സുരേഷ്കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരെയാണ് കന്റോൺമെന്റ് പോലീസായിരുന്നു കേസെടുത്തത്. ഗൂഡാലോചന, കൈയേറ്റം ചെയ്യൽ എന്നീ ആരോപണങ്ങളാണ് സെൻകുമാർ പരാതിയിൽ ഉന്നയിച്ചിരുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനെ സെൻകുമാർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമപ്രവർത്തകൻ മദ്യപിച്ചിട്ടുണ്ടെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു. മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്. സെൻകുമാറിനെ ഡിജിപിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച് റഷീദ് ചോദിച്ചതാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.